കൊച്ചി: പീഡനത്തിന് ശേഷം ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നന്‍സി ആക്‌ട് പ്രകാരം 20 ആഴ്ച പിന്നിട്ടാൽ ഗർഭഛിദ്രത്തിന് അനുമതിയില്ല. എന്നാൽ 14 വയസുള്ള പെൺകുട്ടി ഗർഭം ധരിച്ച് ആറ് മാസം പിന്നിട്ടിരുന്നു. എങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കോടതി അനുമതി നൽകിയത്. ഗർഭാവസ്ഥയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ പെൺകുട്ടിക്കുള്ള അവകാശം ചൂണ്ടിക്കാണിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്. ഗർഭസ്ഥ ശിശുവിനെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കിൽ ജീവൻ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഗർഭസ്ഥ ശിശുവിന്‍റെ ഡി.എൻ.എ. പരിശോധനയ്ക്കായി എടുക്കണമെന്നും കോടതി അറിയിച്ചു.
പെൺകുട്ടിയുടെ മാനസിക-ശാരീരിക സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകാനായി മെഡിക്കൽ ബോർഡിനോട് കോടതി നിർദേശിച്ചിരുന്നു. 14 വയസ് മാത്രമുള്ള പെൺകുട്ടിക്ക് ഗർഭം തുടരുന്നത് ജീവന് പോലും ഭീഷണിയാണെന്നായിരുന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട്. വളരെ ചെറിയ പ്രായത്തിൽ പ്രസവിച്ചാൽ ജനിക്കുന്ന കുട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും മെഡിക്കൽ ബോർഡ് സംശയം പ്രകടിപ്പിച്ചു. ഇത്തരം സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് നിയമത്തിൽ ഇളവ് ചെയ്ത് ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകിയത്.