എറണാകുളം : നവകേരള സദസില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പരിപാടിയില്‍ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണെന്ന് കോടതി നിരീക്ഷിച്ചു. നവകേരള സദസിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന ഉറപ്പ് സർക്കാർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഉപഹർജിയിലായിരുന്നു കോടതി വിമർശനം.
കുഞ്ഞുമനസുകളിലേക്ക് രാഷ്ട്രീയം കുത്തിവയ്‌ക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും അക്കാദമിക് കരിക്കുലത്തിൽ ദിവസേന മാറ്റം വരുത്താൻ കഴിയുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശന സ്വരത്തിൽ ചോദിച്ചു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കുന്നത് ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നിലവിൽ സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും നിർദേശം നൽകി.
also read: നവകേരള സദസ്; 'കുട്ടികളെ കാഴ്‌ച വസ്‌തുക്കളാക്കരുത്'; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ഹർജി ഹൈക്കോടതി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. നവകേരള സദസിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയ ദൃശ്യങ്ങള്‍ ഹർജിക്കാരൻ നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു.