എറണാകുളം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിനിടെ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നഷ്‌ടപരിഹാരം ഈടാക്കാൻ വൈകുന്നതിൽ സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പൊതുമുതൽ നശിപ്പിച്ച സംഭവം നിസാരമായി കാണാനാകില്ലെന്നും കേസിൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുകയാണെന്നും കോടതി കുറ്റപ്പെടുത്തി. സർക്കാറിന്‍റെ മനോഭാവം അസ്വീകാര്യമാണ്.
ഇത്തരം സംഭവങ്ങള്‍ കോടതി ഉത്തരവുകളോടുള്ള അനാദരവാണെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ പി.എഫ്.ഐ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിലടക്കം ആറ് മാസം സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്.
അതേസമയം വെള്ളിയാഴ്‌ച ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരായി എത്ര സമയപരിധിക്കുള്ളില്‍ സ്വത്തുവകകള്‍ കണ്ടുക്കെട്ടുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു. ജനുവരി 31ന് അപ്പുറം സമയം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് ഉത്തരവിട്ടു.
പി.എഫ്.ഐ യിൽ നിന്നും സംഘടന ഭാരവാഹികളിൽ നിന്നും 5.2 കോടി രൂപ നഷ്‌ടപരിഹാരം ഈടാക്കാനും, തുക കെട്ടിവയ്ക്കാത്ത പക്ഷം അബ്‌ദുല്‍ സത്താറിന്‍റെ അടക്കം സ്വത്തുവകകൾ കണ്ടുകെട്ടാനുമായിരുന്നു സെപ്റ്റംബർ 29ലെ കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വത്തുവകകള്‍ കണ്ടുകെട്ടാനായി വിവിധ വകുപ്പുകളോട് നിര്‍ദേശിച്ച് പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി കഴിഞ്ഞ തവണ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.