എറണാകുളം: വെണ്ണല മതവിദ്വേഷ പ്രസംഗ കേസിൽ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജ്, പാലാരിവട്ടം സ്റ്റേഷനിൽ ഇന്ന് ഹാജരായേക്കും. ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. കോടതിയുടെ തുടർനടപടികൾ എന്താണെന്ന് അറിഞ്ഞ ശേഷമായിരിക്കും ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനിൽ എത്തുകയെന്നാണ് സൂചന.
വിദ്വേഷ പ്രസംഗത്തിൽ തിരുവനന്തപുരത്താണ് കേസ് രജിസ്റ്റർ ചെയ്‌തത്. കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച്, ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി ലഭിച്ചിരുന്നു. ഇതില്‍, കോടതിയുടെ തുടർനടപടികൾ അറിഞ്ഞ ശേഷമായിരിക്കും പാലാരിവട്ടം സ്റ്റേഷനിൽ എത്തുക.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകുമെന്നാണ് പി.സി ജോർജുമായി ബന്ധപ്പെട്ടവർ അറിയിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയ്‌ക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്‌ച വരെയാണ് മുൻകൂർ ജാമ്യം നൽകിയത്.
വിദ്വേഷ പ്രസംഗം മേയ് എട്ടിന്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പി.സി പൊലീസിന്‍റെ മുന്നിലെത്തുന്നത്. ശനിയാഴ്ച അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്യാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഒളിവിൽ പോയ പി.സി ജോർജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന്, കർശന ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
മേയ് എട്ടിന് വെണ്ണലയിൽ ക്ഷേത്ര ഉത്‌സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലെ വിദ്വേഷകരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് ജോർജിനെതിരായ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്‌തത്.