കോതമംഗലം : ചെറിയപള്ളി പിടിച്ചെടുക്കാൻ ഓർത്തഡോക്‌സ് സഭ നടത്തിയ ശ്രമത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തെ വ്യാപാരി വ്യവസായികൾ കടകൾ അടച്ച് ഹർത്താൽ നടത്തുന്നു. കോതമംഗലം വ്യാപാരി വ്യവസായി അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. ചെറിയ പള്ളിയുടെ വിശ്വാസത്തോട് ഐക്യം പ്രഖാപിച്ചാണ് ഹര്‍ത്താല്‍. ഇതോടൊപ്പം സ്വകാര്യ ബസുകൾ ഉച്ചകഴിഞ്ഞ് താത്കാലികമായി സര്‍വീസ് നിർത്തിവെയ്ക്കാനും തീരുമാനിച്ചു. വ്യാപാരി അസോസിയേഷന്‍റെ നേതൃത്വത്തില്‍ പള്ളിയിലേക്ക് പ്രകടനവും നടത്തി.
യാക്കോബായ വിശ്വാസികൾ പള്ളിക്കകത്ത് പ്രതിഷേധിക്കുമ്പോഴാണ് നാട്ടുകാരും വ്യാപാരികളും പുറത്ത് പ്രതിഷേധവുമായെത്തിയത്. ചെറിയ പള്ളിയുടെ സംരക്ഷണം നാനാജാതി മതസ്ഥരും കോതമംഗലം പൗരാവലിയും ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർ കെ.എ. നൗഷാദ് പറഞ്ഞു. ഇതോടെ തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിലുള്ള ഓർത്തഡോക്‌സ് സംഘം വ്യാപാരി വ്യവസായികളുടെയും യാക്കോബായ വിശ്വാസികളുടെയും പ്രതിഷേധത്തിന് നടുവിലായി. പൊലീസ് സമവായ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി.