എറണാകുളം: ഇഎംസിസി കരാറിനെതിരെ സമരം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകൾ. ഈ മാസം 27-ന് കേരളത്തിൽ തീരദേശ ഹർത്താൽ നടത്തുമെന്ന് വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ മത്സ്യമേഖല സംരക്ഷണ സമിതി അറിയിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച യോഗത്തിനു ശേഷമാണ് സമര പ്രഖ്യാപനം നടത്തിയത്.
അമേരിക്കൻ കമ്പനിയുമായുണ്ടാക്കിയ മത്സ്യബന്ധന കരാർ റദ്ദാക്കുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു. ധാരണാപത്രത്തിൽ ഒപ്പിട്ട കൊച്ചിയിലെ കേരള ഷിപ്പിങ് ആന്‍റ് ഇൻലാന്‍റ് നാവിഗേഷൻ കോർപ്പറേഷൻ (കെഎസ്ഐഎൻസി) ആസ്ഥാനം തിങ്കളാഴ്ച രാവിലെ ഉപരോധിക്കും. വൈകിട്ട് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ കൊല്ലത്തെ വസതിയിലേക്ക് മാർച്ച് നടത്തും.
ഇഎംസിസിയും കെഎസ്ഐഎൻസിയും തമ്മിലുണ്ടാക്കിയ എംഒയു റദ്ദാക്കണമെന്ന് മത്സ്യസംരക്ഷണ സമിതി പറഞ്ഞു. സ്വകാര്യ കുത്തകൾക്ക് മത്സ്യ ബന്ധനം തീറെഴുതാനുള നീക്കമാണ് നടത്തുന്നത്. മത്സ്യവരൾച്ച നേരിടുന്ന ഘട്ടത്തിലാണ് കരാർ ഒപ്പിട്ടത്. തീരദേശ ഹർത്താൽ ദിനത്തിൽ ഹാർബറുകൾ പ്രവർത്തിക്കല്ല. തൊഴിലാളികൾ പണിമുടക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഈ മാസം25-ന് തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാ കൺവെൻഷനുകൾ നടത്തും. അമേരിക്കൻ കമ്പനിയുമായുണ്ടാക്കിയ കരാർ പിൻവലിക്കണം എന്നത് മാത്രമാണ് ആവശ്യം. കരാർ നടപ്പാക്കില്ലന്ന ഫിഷറീസ് വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിൽ വിശ്വാസമില്ല. കരാർ നടപ്പാക്കില്ലന്ന് മുഖ്യമന്ത്രി പ്രഖാപിക്കണമെന്നും മത്സ്യമേഖല സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ , മത്സ്യമേഖല സംരക്ഷണ സമിതി ചെയർമാൻ ജോസഫ് സേവ്യർ , ജനറൽ കൺവീനർ ചാൾസ് ജോർജ്ജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.