നടൻ അനുപം ഖേറിന്‍റെ (Anupam Kher) ഫിലിം സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കി തമിഴ് സിനിമയിലേക്ക് കാലെടുത്തുവച്ച മൻസൂർ അലി ഖാൻ (Mansoor Ali Khan), 1991-ൽ പുറത്തിറങ്ങിയ 'ക്യാപ്റ്റൻ പ്രഭാകർ' എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയനാകുന്നത്. ഇതുവരെ 250-ഓളം ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം കൂടുതലും കൈകാര്യം ചെയ്‌തിരിക്കുന്നത് നെഗറ്റീവ് വേഷങ്ങൾ ആണ്. എന്നാൽ, ചില ചിത്രങ്ങളിൽ നായകനായും തിരക്കഥാകൃത്തായും മ്യൂസിക് ഡയറക്‌ടറായും തന്‍റെ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്.
ഓൺ സ്ക്രീനിൽ ആയാലും ഓഫ് സ്ക്രീനിൽ ആയാലും വ്യത്യസ്‌തമായ സ്വഭാവ ശൈലി കൊണ്ട് എക്കാലവും അദ്ദേഹം സിനിമയിലെ സജീവ ചർച്ച വിഷയമായി തന്നെ നിൽക്കാറുണ്ട്. സൂത്രധാരൻ, സത്യം ശിവം സുന്ദരം തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ട മൻസൂർ അലിഖാൻ, 2010 നു ശേഷം കോമഡി കഥാപാത്രങ്ങളിലും തിളങ്ങി.
'കൈതി' എന്ന ചിത്രത്തിൽ തമിഴ് സൂപ്പർ സ്റ്റാർ കാർത്തിക്ക് പകരം മൻസൂർ അലിഖാനെയാണ് താന്‍ ആദ്യം നായക വേഷത്തില്‍ പരിഗണിച്ചിരുന്നതെന്ന സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ (Lokesh Kanagaraj) വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്‍റെ താരപദവി അരക്കെട്ടുറപ്പിച്ചു. പിന്നീട് ലോകേഷ് തന്നെ സംവിധാനം ചെയ്‌ത 'വിക്രം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ച അസുരൻ എന്ന ചിത്രത്തിലെ ഗാനം റഫറൻസായി കൊണ്ടുവന്നിരുന്നു. കൂടാതെ ഇപ്പോള്‍ വിജയ് - ലോകേഷ് ചിത്രമായ 'ലിയോ'യില്‍ മൻസൂർ അലി ഖാന്‍റെ കഥാപാത്രത്തെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
എന്നാല്‍, അടുത്തിടെ മലയാള ചലച്ചിത്ര താരം ഹരിശ്രീ അശോകന്‍ മന്‍സൂര്‍ അലി ഖാനെ കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. 2000-ല്‍ പുറത്തിറങ്ങിയ 'സത്യം ശിവം സുന്ദരം' എന്ന മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ എന്നിവര്‍ക്കൊപ്പം മന്‍സൂര്‍ അലി ഖാനും ഒരു വേഷം ചെയ്‌തിരുന്നു. ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ താന്‍ മന്‍സൂര്‍ അലി ഖാനുമായി വാക്കേറ്റം ഉണ്ടാകേണ്ടി വന്ന സാഹചര്യത്തെ കുറിച്ചായിരുന്നു ഹരിശ്രീ അശോകന്‍ സംസാരിച്ചത്.
കാഴ്‌ച ശക്തി ഇല്ലാത്ത കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫയും ഹരിശ്രീ അശോകനും അവതരിപ്പിച്ചത്. അന്ധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ഇരുവര്‍ക്കും കാമറയ്‌ക്ക് മുന്നിലുള്ള മാര്‍ക്കിങ് പോയിന്‍റുകളോ, സംഘട്ടന രംഗങ്ങള്‍ക്ക് ഇടയിലെ ടൈമിങ്ങും കൃത്യമായി പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കാന്‍ ശ്രമിക്കാതെ, സംഘട്ടന രംഗത്തിൽ മൻസൂർ അലി ഖാന്‍റെ ഒരു പഞ്ച് ഹരിശ്രീ അശോകന്‍റെ ശരീരത്തെ വേദനിപ്പിക്കുന്ന രീതിയിൽ പതിച്ചു.
ആദ്യം ഹരിശ്രീ അശോകന്‍ ഇത് തെറ്റ് പറ്റിയതാണെന്ന് കരുതി ക്ഷമിച്ചിരുന്നു. എന്നാല്‍, പിന്നീടും മന്‍സൂര്‍ അലി ഖാന്‍റെ ഭാഗത്ത് നിന്നും ഇതാവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായത്.
ഇനിയൊരു അടി തന്‍റെ ദേഹത്ത് വീണാല്‍, ഈ രൂപത്തിലും ഭാവത്തിലും താന്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോകില്ല എന്നായിരുന്നു താന്‍ മന്‍സൂര്‍ അലി ഖാനോട് പറഞ്ഞതെന്നായിരുന്നു ഹരിശ്രീ അശോകന്‍റെ വെളിപ്പെടുത്തല്‍. ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കിലും പിന്നീട് അദ്ദേഹത്തില്‍ നിന്നും ഒരു തരത്തിലുമുള്ള വീഴ്‌ചയും ഉണ്ടായില്ലെന്നും ഹരിശ്രീ അശോകന്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഹരിശ്രീ അശോകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.