എറണാകുളം : ചാണകമെന്ന് വിളിക്കുന്നതിൽ സന്തോഷമെന്ന് സുരേഷ് ഗോപി എംപി. തന്നെപോലെയുള്ളവരെ അങ്ങനെ വിളിക്കുന്നത് നിര്‍ത്തരുതെന്നും നടന്‍ പറഞ്ഞു. കൊച്ചിയിൽ വി.എച്ച്.പിയുടെ ഗോ രാക്ഷാരഥയാത്ര ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്‍റെ ജന്‍മസമയത്ത് പാദസ്പര്‍ശമേറ്റത് ചാണകത്തിലാണ്. മനുഷ്യ നന്മയ്ക്കും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ഗോരക്ഷാ യാത്ര സംഘടിപ്പിക്കുന്നത്. അമ്മമാരുണ്ടാക്കിത്തന്ന ഭക്ഷണത്തിന്റെ അന്തസത്ത തിരിച്ച് പിടിക്കുന്നതിന് ഉതകുന്നതാണ് ഗോരക്ഷായാത്ര മുന്നോട്ടുവയ്ക്കുന്ന സന്ദേശം.
Also Read : 'ഞാൻ ചാണകമല്ലേ, നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്കൂ': ഇ ബുൾ ജെറ്റ് ആരാധകനോട് സുരേഷ് ഗോപി
പൂർവികരുടെ കാർഷിക സംസ്‌കാരവും നന്മയും ഗോരക്ഷാ യാത്രയിലൂടെ ജനങ്ങളിലെത്തിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോരക്ഷായാത്ര സംസ്ഥാനത്തും ഇതരസംസ്ഥാനങ്ങളിലും പ്രചാരണം നടത്തിയാണ് കൊച്ചിയിൽ സമാപിക്കുക.
ഗോവധ നിരോധനമെന്ന സംഘപരിവാർ സംഘടനകളുടെ പ്രഖ്യാപിത നിലപാടിന്റെ പ്രചാരണം കൂടിയാണ് ഗോരക്ഷാ യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയർന്നുകേട്ടിരുന്ന ഗോമാതാ വാദം, കേരളമുൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കുകയാണ്
വിഎച്ച്പി ലക്ഷ്യമെടുന്നത്.