എറണാകുളം: അതികഠിനമായ വേനല്‍ ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാനായി വീട്ടുമുറ്റത്ത് നട്ട് പിടിപ്പിച്ച മുന്തിരി വള്ളികള്‍ സമ്മാനിച്ചത് തണലിനൊപ്പം മധുരമൂറും മുന്തിരിക്കുലകള്‍. ആലുവയിലെ വ്യാപാരിയായ പുത്തന്‍പുരയില്‍ ഹംസയാണ് തണലിനായി മുറ്റത്ത് മുന്തിരി വള്ളികള്‍ പടര്‍ത്തിയത്.
നേരത്തെയും വേനല്‍ അടുക്കുമ്പോള്‍ ഹംസ വീട്ടുമുറ്റത്ത് മുന്തിരി വള്ളികള്‍ നട്ടു വളര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ നട്ട മുന്തിരി വള്ളികളാണ് തണലിനൊപ്പം കണ്ണിന് കുളിര്‍മയേകുന്ന ഈ മനോഹര കാഴ്‌ച സമ്മാനിച്ചത്. വള്ളി നിറയെ കായ്‌ച്ച് നില്‍ക്കുന്നത് കേരളത്തില്‍ അപൂര്‍വ്വമായ നാടന്‍ മുന്തിരിയാണ്.
മധുരമൂറുന്ന ഈ മുന്തിരികള്‍ ഹംസ അധികവും നല്‍കുന്നത് വീട്ടിലെത്തുന്ന അതിഥികള്‍ക്കും പക്ഷികള്‍ക്കുമാണ്. ആലുവയിലെ മണപ്പുറത്ത് നിന്നാണ് ഹംസ മുന്തിരി വള്ളികള്‍ വാങ്ങിയത്. തൈകള്‍ വാങ്ങുമ്പോള്‍ ഇത്തരത്തില്‍ ഫലം ലഭിക്കുമെന്ന് ഹംസ വിചാരിച്ചിരുന്നില്ല.
മാത്രമല്ല വീട്ടുമുറ്റത്തെ മുന്തിരി വള്ളികള്‍ പരിചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പലരും ഹംസയെ നിരുത്സാഹപ്പെടുത്തുകയുമുണ്ടായി. കേരളത്തിലെ കാലാവസ്ഥ മുന്തിരി കൃഷിയ്‌ക്ക് അനുയോജ്യമല്ലെന്നായിരുന്നു അവരുടെ പക്ഷം. എന്നാല്‍ ഇതൊന്നും ഹംസ ചെവികൊണ്ടില്ല.
മുന്തിരി വള്ളി തുടര്‍ച്ചയായി പരിപാലിച്ചു. ശാസ്‌ത്രീയമായി മുന്തിരി കൃഷിയെ കുറിച്ച് അറിയുന്നവരോടെല്ലാം ഹംസ കാര്യങ്ങള്‍ ആരാഞ്ഞു. ദിവസവും രണ്ട് നേരവും ചെടിയ്‌ക്ക് വെള്ളമൊഴിച്ചു. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചു. രണ്ടാഴ്‌ചയില്‍ ഒരിക്കല്‍ വേപ്പിന്‍ പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും വളമായി ഇട്ട് കൊടുത്തു.
വളര്‍ന്ന് വരുന്ന വള്ളികള്‍ പൂവിടുന്നതിനായി അതിന്‍റെ അറ്റം മുറിച്ച് മാറ്റും. പ്രൂണിങ് എന്നാണിതിനെ പറയുക. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കില്‍ ഇത്തരത്തില്‍ പ്രൂണിങ് ചെയ്യാറുണ്ട് ഹംസ. മുന്തിരി വള്ളികള്‍ നട്ട് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും അത് കായ്‌ച്ച് തുടങ്ങി. ഇതോടെ ഹംസയുടെയും ഭാര്യ സൗജത്തിന്‍റെയും പരിപാലനത്തിന് ഫലം ലഭിച്ച് തുടങ്ങി. ഓരോ തവണ വിളവെടുക്കുമ്പോഴും എട്ട് കിലോയോളം മുന്തിരി ലഭിക്കാറുണ്ട്.
രാസവളങ്ങളൊന്നും ഇല്ലാത്ത ശുദ്ധമായ മുന്തിരി കഴിക്കണമെങ്കില്‍ സ്വന്തമായി കൃഷി ചെയ്യണമെന്നാണ് ഹംസ പറയുന്നത്. വിപണിയിൽ ലഭിക്കുന്ന മുന്തിരികൾ വലിയ തോതിലുള്ള കീടനാശിനി പ്രയോഗം കഴിഞ്ഞാണ് ലഭിക്കുന്നത്. എല്ലാവരും വീട്ടുമുറ്റത്ത് പന്തല്‍കെട്ടി സ്വന്തമായി മുന്തിരി വളര്‍ത്തണമെന്നാണ് ഹംസയ്‌ക്ക് പറയാനുള്ളത്.
വിളഞ്ഞ് നില്‍ക്കുന്ന മുന്തിരി ഭക്ഷിക്കാന്‍ പക്ഷികള്‍ നിരവധി വീട്ടുമുറ്റത്ത് എത്തി തുടങ്ങിയതോടെ വലകെട്ടി മുന്തിരി കുലകളെ സംരക്ഷിക്കണമെന്ന് പലരും ഹംസയോട് നിര്‍ദേശിച്ചു. എന്നാല്‍ ഹംസ അതിന് തയ്യാറായില്ല. താന്‍ കൃഷി ചെയ്യുന്ന മുന്തിരി പക്ഷികള്‍ കൂടി ഭക്ഷിക്കട്ടെയെന്നും അത് അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നുമുള്ള നിലപാടിലാണ് അദ്ദേഹം.
വ്യാപാരിയായ ഹംസ കച്ചവടത്തിന് ഇടയിലും മുന്തിരി വള്ളിയെ കൃത്യമായി പരിചരിക്കാന്‍ സമയം കണ്ടെത്താറുണ്ട്. മുന്തിരി വള്ളികള്‍ മാത്രമല്ല മറ്റ് നിരവധി കൃഷികളും ഹംസയുടെ വീട്ടുമുറ്റത്തുണ്ട്. ഒറ്റനോട്ടത്തിൽ ഹംസയുടെ വീട്ടുമുറ്റം കണ്ടാല്‍ ഒരു നഴ്‌സറിയാണെന്ന് തോന്നി പോകും. മുന്തിരിക്ക് പുറമെ ആപ്പിൾ, ബദാം, ഓറഞ്ച്, മലബാർ പീനട്ട് എന്നിവയും നട്ട് പിടിപ്പിച്ചിട്ടുണ്ട്. ഇതിൽ ആപ്പിൾ ഒഴികെ മറ്റുള്ളവയെല്ലാം ഫലം നൽകിയിട്ടുണ്ട്. ഭാവിയിൽ മുന്തിരി പോലെ ആപ്പിളും കായ്ക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ഹംസ.