എറണാകുളം: സ്ത്രീധനത്തിനെതിരായ പോരാട്ടം ശക്തമാക്കി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്‍റെ (കുഫോസ് ) ഏഴാമത് ബിരുദദാന ചടങ്ങിൽ വിദ്യാർഥികൾക്ക് ഗവർണർ ബിരുദം കൈമാറിയത് വിദ്യാർഥികളിൽ നിന്നും സ്ത്രീധന വിരുദ്ധ പ്രസ്താവന എഴുതി വാങ്ങിയ ശേഷം.
ബിരുദ ദാനത്തിനു മുന്‍പായി വിദ്യാര്‍ഥികള്‍ നല്‍കിയ സ്ത്രീധന വിരുദ്ധ പ്രസ്താവന സര്‍വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. റിജി ജോണ്‍ ഗവര്‍ണര്‍ക്ക് കൈമാറി. തുടർന്ന് വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര യോഗ്യത നേടിയ 386 വിദ്യാർഥികൾക്ക് ഗവർണർ ബിരുദം സമ്മാനിച്ചു. ഒൻപത് പേർക്ക് പിഎച്ച്ഡിയും നൽകി.
ചടങ്ങിൽ സ്ത്രീധനത്തോട് നോ പറയാൻ തയാറായ എല്ലാ വിദ്യാർഥികളെയും അനുമോദിച്ച ഗവർണർ ബിരുദ പ്രവേശന സമയത്ത് തന്നെ സ്ത്രീധനം വാങ്ങുകയോ നൽകുകയോ ചെയ്യില്ലെന്ന പ്രസ്താവന വിദ്യാർഥികളിൽ നിന്ന് കോളജുകൾ സ്വീകരിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കുമെന്നും പറഞ്ഞു.
ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്‍റെ ചിത്രങ്ങൾ ഒഴിവാക്കണം
ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്‍റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പരസ്യങ്ങൾ പൊതുജനങ്ങളെ സ്വാധീനിക്കും. സ്വർണാഭരണങ്ങൾ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്. വധുവിന്‍റെ ചിത്രത്തിന് പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങൾ ഉപയോഗിക്കാമെന്നും ഗവർണർ പറഞ്ഞു.
Also Read: 'സ്ത്രീധനം ഇല്ലാതാക്കാൻ വിദ്യാർഥികളിൽ ബോധവത്കരണം അനിവാര്യം:' ഗവർണർ
നവവധു ആഭരണമണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാവണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.