എറണാകുളം: ലൈഫ് മിഷനിൽ അന്വേഷണം നടത്താൻ സി.ബി.ഐ.ക്ക് അധികാരമില്ലന്ന് സംസ്ഥാന സർക്കാർ. എഫ്.സി.ആർ.എ നിയമം ബാധകമല്ലെന്നും രാഷ്ട്രീയ പ്രേരിതമായ കേസ് റദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കരാറുകാരായ യുണിടാക്ക് വിദേശ സഹായം സ്വീകരിച്ചത് ലൈഫ് മിഷനെ പ്രതിനിധീകരിച്ചെന്ന് സി.ബി.ഐ പറഞ്ഞു. ലൈഫ് മിഷനിൽ നടന്നത് സുതാര്യമല്ലാത്ത ഇടപാടാണെന്നും എഫ്.സി.ആർ.എ നിയമപ്രകാരം അന്വേഷിക്കാൻ അനുവദിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍റെയും സി.ബി.ഐയുടെയും ശക്തമായ വാദപ്രതിവാദങ്ങളാണ് ലൈഫ് മിഷൻ കേസിൽ ഹൈക്കോടതിയിൽ നടന്നത്.
ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറിന് പങ്കുണ്ടെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ വ്യക്തമാക്കി. ലൈഫ് മിഷൻ ധാരണാപത്രം ശിവശങ്കർ ഹൈജാക്ക് ചെയ്തു. ശിവശങ്കർ തന്‍റെ ഓഫീസിലേക്ക് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി.ജോസിനെ വിളിച്ച് വരുത്തി. അപ്പോൾ മാത്രമാണ് ഇത്തരമൊരു നിർമാണക്കരാറിനെ കുറിച്ച് സി.ഇ.ഒ. ആയ യു.വി. ജോസ് പോലും അറിയുന്നത്. കേസിൽ യു.വി. ജോസ് പ്രതിയാകുമോ, സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. യു.എ.ഇ കോൺസുൽ ജനറലും യൂണിടാക്കും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന കരാർ സംബന്ധിച്ചും വിശദമായ അന്വേഷണം വേണം. കരാറുമായി ബന്ധപ്പെട്ട് യുണിടാക്ക് സമീപിച്ചത് സന്ദീപ് നായരെയാണ്. പിന്നീട് സരിത്തിനെയും സ്വപ്‌നയെയും കണ്ടു. ഇവരെല്ലാം തന്നെ കുപ്രസിദ്ധ കളളക്കടത്തുകേസിലെ പ്രതികളാണ് കരാറിലേർപ്പെട്ട ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികൾക്കായി സ്വപ്‌ന സുരേഷ്, യൂണിടാക്ക് ഉടമ സന്തോഷ് സ്റ്റീഫനെ വിളിച്ച് എം.ശിവശങ്കറിനെ കാണണമെന്ന് ആവശ്യപ്പെട്ടതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയതായും സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. കേസ് ഡയറി അടുത്ത ദിവസം തന്നെ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാമെന്നും സി.ബി.ഐ അറിയിച്ചു.
എഫ്ഐആറിൽ ലൈഫ് മിഷനെ വലിച്ചിഴച്ച സി.ബി.ഐ നടപടി ശരിയല്ലെന്ന് സർക്കാർ വാദിച്ചു. ലൈഫ് മിഷൻ പാവങ്ങൾക്ക് വീടുവെച്ച് നൽകുന്ന സർക്കാർ പദ്ധതിയാണ്. വടക്കാഞ്ചേരി ഭവന പദ്ധതിക്ക് വേണ്ടി സ്ഥലം എടുത്ത് നൽകുക മാത്രമാണ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതി
എഫ്.സി.ആർ.എ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന് സർക്കാരും വ്യക്തമാക്കി. ലൈഫ് മിഷൻ ഇടപാടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി വിശദമായ വാദം കേട്ടു. ഹർജികൾ വിധി പറയാനായി മാറ്റി.