എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റബിന്‍സ് ഹമീദിനെ ഏഴ് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെ ആവശ്യം കൊച്ചിയിലെ എൻഐഎ കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ 10-ാം പ്രതിയായ റബിന്‍സ് സമൂഹ മാധ്യമങ്ങളിലൂടെ മറ്റ് പ്രതികളുമായി ചേര്‍ന്ന് സ്വര്‍ണം കടത്താന്‍ ആസൂത്രണം ചെയ്‌തുവെന്ന് എന്‍ഐഎ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തില്‍ നിക്ഷേപമിറക്കിയ റബിന്‍സ് നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ട്. ജൂലായില്‍ ദുബായില്‍ അറസ്റ്റിലായ പ്രതി ഒക്ടോബര്‍ 25 വരെ യുഎഇ ജയിലിലായിരുന്നു. പിന്നീട് യുഎഇ ഇയാളെ കേരളത്തിലേക്ക് കൈമാറുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
ഇയാളുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്‌ത്രീയ പരിശോധനക്കായി സി-ഡാക്കില്‍ അയച്ചതായും റിമാന്‍റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി റമീസ്, ആറാം പ്രതി ജലാൽ എന്നിവരുമായി റബിൻസ് ഗൂഢാലോചന നടത്തിയിരുന്നു. യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നതിലും ഫണ്ട് സമാഹരിക്കുന്നതിലും റബിൻസ് പങ്കാളിയായിരുന്നു. പ്രതിയുടെ അറിവോടെയാണ് ഗൃഹോപകരണങ്ങളിലും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും ഒളിപ്പിച്ച് നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത്. യുഎഇ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഇടപാടുകൾക്ക് നേതൃത്വം നൽകിയതും ഇയാളും മൂന്നാം പ്രതി ഫൈസൽ ഫരീദും ചേർന്നായിരുന്നുവെന്നും എൻഐഎ റിപ്പോര്‍ട്ടില്‍ പറഞ്ഞു.