എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരായ കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്. കള്ളപ്പണ നിരോധന നിയമ പ്രകാരം പ്രതികള്‍ കുറ്റക്കാരണെന്ന് കണ്ടെത്തിയതായി 303 പേജുള്ള കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കി. അന്വേഷണ പുരോഗതിയനുസരിച്ച് മറ്റ് പ്രതികൾക്കെതിരെയുള്ള അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള അനുമതി നൽകണമെന്നും ഇഡി കുറ്റപത്രത്തില്‍ അപേക്ഷിച്ചിട്ടുണ്ട്. നാലാം പ്രതി ഫൈസൽ ഫരീദ് വിദേശത്തായതിനാൽ ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 62 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇഡി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത്.
നാല് പ്രതികളുള്ള കേസിൽ മൂന്ന് പേർക്കെതിരായ കുറ്റപത്രമാണ് സമർപ്പിച്ചത്. ഇതോടെ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം നൽകണമെന്ന നിയമത്തിന്‍റെ ആനുകൂല്യം കിട്ടാനുള്ള സാധ്യതയുണ്ട്. അതേസമയം 60 ദിവസം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിച്ചില്ല. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂട്ടറുടെയും വാദം കേട്ട ശേഷം തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. സ്വപ്‌നയുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്‌ച പരിഗണിക്കും.