എറണാകുളം : വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ഇ.ഡി നോട്ടിസ്. ഈ മാസം 22ന് കൊച്ചി ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. സ്വപ്‌ന നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
സ്വപ്‌ന കോടതിക്ക് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഇ. ഡി കൈപ്പറ്റിയിരുന്നു. സെക്ഷൻ 164 പ്രകാരം സ്വപ്‌നയുടെ മൊഴി വിശദമായി പരിശോധിച്ച ഇ. ഡി നിയമോപദേശവും തേടി. തുടർന്നാണ് വീണ്ടും മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് നോട്ടിസ് നൽകിയത്.
ജീവന് ഭീഷണിയുണ്ടെന്നും, കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വപ്‌ന കോടതിയെ സമീപിച്ചിരുന്നത്. മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയ ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് വേണ്ടി ദുബായിലേക്ക് കറൻസി കടത്തി, ദുബായ് കോൺസുൽ ജനറലിന്‍റെ വസതിയിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് വഴി കനമുള്ള ലോഹ കട്ടികൾ കടത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ രഹസ്യമൊഴിയിൽ നൽകിയെന്നായിരുന്നു സ്വപ്‌നയുടെ അവകാശവാദം.
ALSO READ: സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്: അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ഭര്യ കമല , മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുൻ മന്ത്രി കെ.ടി.ജലീൽ എന്നിവർക്കെതിരെയും ആരോപണമുന്നയിച്ചിരുന്നു. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യുമോയെന്നത് നിർണായകമാണ്. അതേസമയം സമാനമായ മൊഴിയിൽ കസ്റ്റംസ് നേരത്തേ അന്വേഷണം നടത്തിയെങ്കിലും തെളിവില്ലെന്ന കാരണത്താൽ തള്ളിയിരുന്നു.