എറണാകുളം: രണ്ടു ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന 'അസെൻഡ് കേരള 2020' ആഗോള നിക്ഷേപക സംഗമം സമാപിച്ചു. സംഗമത്തിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനത്തിൽ അറിയിച്ചു. 138 പദ്ധതി നിർദേശങ്ങളാണ് സംഗമത്തിലുണ്ടായത്. 32,008 കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് പുറമേ കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്‍റ് ലിമിറ്റഡ് ആറ് പദ്ധതികളിലായി 8110 കോടിയാണ് നിക്ഷേപിക്കുന്നത്. ഇതിനു പുറമെ അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി ലോജിസ്റ്റിക്സ് പാർക്കിനായി 66,900 കോടി രൂപയും നിക്ഷേപിക്കും. അങ്ങനെ ആകെ 98,708 കോടി രൂപയുടെ നിക്ഷേപമാണ് സംഗമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.
വിജയകരമായി സമാപിച്ച നിക്ഷേപക സംഗമത്തിൽ പങ്കെടുത്ത നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിനും പ്രതീക്ഷക്കും ഭംഗം വരില്ലെന്ന് സർക്കാർ ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചാരണം ശരിയല്ല. നിക്ഷേപകർ അർപ്പിക്കുന്ന വിശ്വാസം വലിയ കരുത്താണ് നൽകുന്നത്. ഈ സംഗമത്തിന്റെ സന്ദേശം ലോകം മുഴുവൻ എത്തിക്കേണ്ടത് നിക്ഷേപകരാണ്. കേരളത്തിന്റെ ബ്രാൻഡ് അംബാസഡർമാരാകാൻ അവർക്കാണ് കഴിയുന്നത്. കേരളത്തിലെ നിക്ഷേപക സൗഹൃദ സാഹചര്യം മറ്റുള്ളവർക്കും മനസിലാക്കാൻ കഴിയും. നിക്ഷേപം നടത്തുന്നവർക്ക് സർക്കാരിന്റെ എല്ലാ തലങ്ങളിലും ഇടനിലക്കാരില്ലാതെ നേരിട്ട് സമീപിക്കാം. വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സൗഹാർദപരമായ സമീപനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപത്തിന് സന്നദ്ധരായി വരുന്നവർക്ക് എല്ലാ സഹായവും സർക്കാർ നൽകും. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിക്ഷേപകർക്ക് അനുകൂലമല്ലാത്ത സമീപനമുണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളുടെ ചുമതലയുള്ള പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നിക്ഷേപകരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പരസ്പര ആശയ വിനിമയത്തിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. മത്സ്യ ബന്ധനം, കയർ, നാളികേരം തുടങ്ങിയ മേഖലകളിൽ ഒരു കാലത്ത് കേരളത്തിനുണ്ടായിരുന്ന കുത്തക നഷ്‌ടപ്പെട്ടു. ഇത്തരത്തിലുള്ള മേഖലകളെ മുന്നോട്ടു കൊണ്ടുവരാൻ ബോധപൂർവമായ ശ്രമം നടത്താനും സർക്കർ തീരുമാനിച്ചു. കൂടാതെ തദ്ദേശ സ്ഥാപന പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംസ്ഥാനതല സംയുക്ത യോഗം ജനുവരി 21 ന് നടത്തും. നിക്ഷേപക സംഗമത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തും. ഇതിനു പുറമെ തദ്ദേശ സ്വയംഭരണ മേഖലയിലെ പ്രധാന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫെബ്രുവരി ആദ്യവാരം സംസ്ഥാനതല ശിൽപശാലയും നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 10 കോടിയിൽ താഴെയുള്ള നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ചട്ടങ്ങൾക്ക് വിധേയമായി മൂന്ന് വർഷത്തിനകം അത്തരം സംരംഭം തുടങ്ങാൻ വ്യവസായ സംരംഭകർക്ക് അനുമതി ലഭിക്കും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. പി ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, കെ.പി.എം.ജി ചെയർമാൻ അരുൺ കുമാർ, ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ കെ. ബിജു എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.