എറണാകുളം: ചരിത്രം മിനിയേച്ചർ രൂപങ്ങളിലൂടെ പുതുതലമുറയ്ക്ക് പകർന്നു നൽകുകയാണ് കൊച്ചിയിലെ ഫാഷൻ ഡിസൈനറായ ജോർജ്ജ് ആൻ്റണി. കൊച്ചിയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഹാർബർ പാലത്തിൻ്റെ അദ്ദേഹം നിർമ്മിച്ച ചെറു പതിപ്പ് ഏറെ ശ്രദ്ധേയമാണ്. കൊച്ചി തുറുമുഖത്തിൻ്റെ ശില്പി കൂടിയായ റോബർട്ട് ബ്രിസ്റ്റോ 1938 ലാണ് വെല്ലിങ്ട്ടൺ ദ്വീപിനെയും മട്ടാഞ്ചേരിയെയും ബന്ധിപ്പിക്കുന്ന 486 മീറ്റർ നീളമുള്ള പാലം നിർമ്മിച്ചത്. ഉരുക്കും മരവും ഉപയോഗിച്ച് നിർമ്മിച്ച പാലത്തിൻ്റെ മധ്യഭാഗം ഉയർത്തുന്നതിനുള്ള സങ്കേതിക വിദ്യയായിരുന്നു ഈ പാലത്തിൻ്റെ പ്രത്യേകത. ഇതുവഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെടാതിരിക്കാനായിരുന്നു ഇത്തരത്തിലുള്ള മാതൃക നിർമ്മിച്ചത്. ജോർജ് ആന്‍റണിയുടെ ഹാർബർ പാലത്തിൻ്റെ ചെറു പതിപ്പിൽ നിന്നും പാലത്തിൻ്റെ പ്രത്യേകത നേരിട്ടെന്നത് പോലെ മനസ്സിലാക്കാനാവും. പേപ്പർ ഉപയോഗിച്ച് ഒരാഴ്ചകൊണ്ടാണ് ഹാർബർ പാലത്തിൻ്റെ ചെറു പതിപ്പ് ജോർജ്ജ് ആൻ്റണി നിർമ്മിച്ചത്. താല്പര്യവും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ കുറ്റമറ്റ മിനിയേച്ചർ നിർമ്മിക്കാൻ കഴിയു എന്ന് ജോർജ്ജ് ആന്‍റണി പറയുന്നു. താല്പര്യമുള്ളവർക്ക് പരിശീലനം നൽകാനും അദ്ദേഹം തയ്യാറാണ്.
ചന്ദ്രയാൻ്റെ തുടക്കം മുതൽ ലാൻ്റിങ് വരെയുള്ള മിനിയേച്ചർ നിർമ്മിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ജോർജ്ജ് ആന്‍റണി പറയുന്നു. ഉപയോഗിച്ച് വലിച്ചെറിയുന്നതിനെ അലങ്കാര വസ്തുക്കളാക്കുന്നതും അദ്ദേഹത്തിൻ്റെ പ്രധാന വിനോദമാണ്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടൽ സമുച്ചയങ്ങളിലൊന്നായ, അറുപത് നിലകളുള്ള ദുബായിലെ ബുർജ് അൽ അറബ്, ലോകാത്ഭുതങ്ങളിലൊന്നായ പിസയിലെ ചരിഞ്ഞഗോപുരം, വിൻ്റേജ് കാറുകൾ, ഇരുചക്രവാഹനങ്ങൾ, സംഗീത ഉപകരണങ്ങൾ എന്നിവയുടെ മിനിയേച്ചർ പതിപ്പുകളും ജോർജ്ജ് ആന്‍റണിയുടെ ശേഖരത്തിലുണ്ട്.