എറണാകുളം: അവിനാശി വാഹനാപകടത്തില്‍ മരിച്ച കെഎസ്ആർടിസി ജീവനക്കാരായ ഗിരീഷിനും ബൈജുവിനും എറണാകുളം ഡിപ്പോയിലെ സഹപ്രവർത്തകരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ വരെ ഇരുവരും സജീവമായിരുന്ന കെഎസ്ആർടിസി ഓഫീസിന് മുന്നിൽ ഇന്ന് ചേതനയറ്റു കിടക്കുന്ന കാഴ്ച എല്ലാവരെയും ഏറെ നൊമ്പരപ്പെടുത്തി. ആദ്യമെത്തിച്ചത് ബൈജുവിന്‍റെ മൃതദേഹമായിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ ആംബുലൻസിൽ നിന്നും ഇറക്കാതെയാണ് മൃതദേഹം അവസാനമായി ഒരു നോക്കുകാണാന്‍ അവസരം നൽകിയത്. സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനും വേണ്ടി കലക്ടർ എസ്.സുഹാസ് പുഷ്‌പചക്രം സമർപ്പിച്ചു.
വലിയ തോതിൽ ജനങ്ങൾ തടിച്ചു കൂടിയതിനാൽ മൃതദേഹം കാണാനോ വേണ്ടവിധത്തില്‍ അന്ത്യാഞ്ജലി അർപ്പിക്കാനോ കഴിഞ്ഞില്ലെന്ന് സഹപ്രവർത്തകർ പരാതിപ്പെട്ടു. ഇതേ തുടർന്ന് ഗിരീഷിന്‍റെ മൃതദേഹം കെഎസ്ആർടിസി സ്റ്റാൻഡിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പൊതു ദർശനത്തിന് വച്ചത്. ഡെപ്യൂട്ടി കലക്ടർ മാധവിക്കുട്ടി പുഷ്‌പചക്രം നമർപ്പിച്ചു. കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകൾക്ക് വേണ്ടിയും പുഷ്‌പചക്രം സമർപ്പിച്ചു. ഇരുവരും യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കരച്ചിലടക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടിയും അന്ത്യ ചുംബനം നൽകിയുമാണ് കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ സഹപ്രവർത്തകർ ഇരുവർക്കും അന്തിമോപചാരം അര്‍പ്പിച്ചത്.