എറണാകുളം: പന്തളം രാജകുടുംബാംഗമെന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പന്തളം സ്വദേശി സന്തോഷ് കരുണാകരൻ, ഏരൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. 26 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്‌സ് കോഡ്, 15000 രൂപയ്ക്ക് അഡ്വാൻസ് മാത്രം നൽകി തട്ടിയെടുത്തുവെന്നാണ് കേസ്. എറണാകുളം ജില്ലാ സി ബ്രാഞ്ച് ആണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
കുവൈറ്റിൽ അമേരിക്കൻ പട്ടാളത്തിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന ആളാണെന്നാണ് സന്തോഷ് കരുണാകരൻ കടവന്ത്രയിലെ ഒയെസ് ബിസിനസ് സൊല്യൂഷൻസ് എന്ന സ്ഥാപന ഉടമയെ വിശ്വസിപ്പിച്ചത്. പന്തളം രാജകുടുംബാംഗമായ തനിക്ക് കോയമ്പത്തൂർ, കന്യാകുമാരി എന്നിവിടങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ടന്നും, നീലഗിരിയിൽ 2500 ഏക്കർ ഡിജിറ്റൽ കൃഷിയുണ്ടെന്നും പറഞ്ഞാണ് സോഫ്റ്റ് വേയർ സ്ഥാപന ഉടമയെ പ്രതികളായ സന്തോഷ് കരുണാകരനും, ഗോപകുമാറും ചേർന്ന് തട്ടിപ്പിനിരയാക്കിയത്.
കുവൈറ്റിൽ വ്യവസായിയായ ഭുവന്വേഷർ സ്വദേശി അജിത് മഹാപാത്രയെ സമാനരീതിയിൽ ആറ് കോടി പറ്റിച്ച കേസിൽ കീഴടങ്ങാൻ എത്തിയ വേളയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.