എറണാകുളം: മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ഈ ഹോട്ടലിൽ നടന്ന ഡി.ജെ. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് മോഡലുകൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അപകട സമയത്ത് ഡ്രൈവർ മദ്യപിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഈ ഹോട്ടലിൽ വെച്ച് മദ്യം വിളമ്പിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്നതിന് ഹോട്ടലിലെ സിസിടിവി പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഇത് തെളിയിക്കുന്നതിന് ആവശ്യമായ ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. അപകടത്തിന് ശേഷം ഈ ദൃശ്യങ്ങൾ ഹോട്ടൽ അധികൃതർ മാറ്റിയെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
ഉടമ പറഞ്ഞത് അനുസരിച്ച് ദൃശ്യങ്ങൾ മാറ്റിയതായാണ് ജീവനക്കാരൻ പൊലീസിനെ അറിയിച്ചത്. ഈയൊരു സാഹചര്യത്തിലാണ് ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. നേരത്തെ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് ലഭിച്ചിരുന്നില്ല.
ഇത് നശിപ്പിച്ചതായും സംശയിക്കുന്നുണ്ട്. മദ്യം വിളമ്പാൻ അനുമതിയില്ലാത്ത ഹോട്ടലിലെ മദ്യസൽക്കാരം ദൃശ്യങ്ങളിൽ ഉള്ളതിനാലായിരിക്കാം ഇത് ഉടമ ഇടപെട്ട് നീക്കിയതെന്നാണ് സംശയിക്കുന്നത്.
ഹോട്ടലിലെ പരിപാടിക്കിടെ പങ്കെടുത്തവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേ സമയംകാര്‍ ഡ്രൈവറായ മാള സ്വദേശി അബ്ദുല്‍ റഹ്‌മാനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ആശുപത്രിയിൽ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
ഇന്നലെ ആശുപത്രി വിട്ട ഇയാളെ കോടതിയിൽ ഹാജരാക്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്ന് മണിക്കൂർ സമയത്തേക്ക് മാത്രമാണ് കസ്റ്റഡിയിൽ വിട്ടത്.
also read: Bank Scam: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി കിരൺ പിടിയിൽ
തുടർന്ന് ജെ.എഫ്.സി.എം കോടതി ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. നവംബർ ഒന്നിന് പുലർച്ചെയായിരുന്നു ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ ദാരുണമായ അപകടം നടന്നത്. ഫോർട്ട് കൊച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയായിരുന്നു മോഡലുകൾ അപകടത്തിൽ പെട്ടത്. നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ, എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇതേ കാറിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി കെഎ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.