കൊച്ചി: ഹൈക്കോടതി മുന്‍ ജസ്റ്റിസ് പി.എ മുഹമ്മദ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അന്ത്യം. 82 വയസായിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കറുകപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. കേരള ഹൈക്കോടതിയില്‍ എട്ട് വര്‍ഷം ജഡ്ജായി സേവനമനുഷ്ഠിച്ചതിന് ശേഷം 2000 ലാണ് ജസ്റ്റിസ് മുഹമ്മദ് വിരമിച്ചത്. 2000-2001 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായിരുന്നു. 2006 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ സ്വാശ്രയ കോളജുകള്‍ക്കായുള്ള പ്രവേശന നിരീക്ഷണ കമ്മിറ്റിയുടെയും ഫീ റെഗുലേറ്ററി കമ്മിറ്റിയുടേയും അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു.
2016 നവംബറിലാണ് ഹൈക്കോടതിക്ക് മുന്നിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ ജൂണില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തലശേരിയിലെ റിട്ടയേർഡ് തഹസില്‍ദാര്‍ എര്‍മുളാന്‍ അധികാരിയുടെയും മറിയുമ്മയുടെയും മകനായ പുളിക്കല്‍ അരിപ്പേരില്‍ മുഹമ്മദ് തലശേരി ബ്രണ്ണന്‍കോളജില്‍ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. ബോംബെ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മാതുംഗ ന്യൂ ലോകോളജില്‍ 1963ല്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കി. കേരള ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു . 1964ല്‍ തലശേരി ജില്ലാ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 26 വര്‍ഷം നീണ്ട അഭിഭാഷക വൃത്തിക്കൊടുവില്‍ 1992 മെയ് 25ന് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.