എറണാകുളം: ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന വ്യാപകമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. രാത്രികാല പരിശോധനക്ക് നൈറ്റ് സ്‌ക്വാഡുകളെയും ഏർപ്പെടുത്തി. കളമശ്ശേരി, അങ്കമാലി, മുവാറ്റുപുഴ, തൃക്കാക്കര, പറവൂര്‍ പ്രദേശങ്ങളിലെ ഭക്ഷണശാലകളില്‍ പരിശോധനയിൽ ഗുരുതരമായ വീഴ്‌ച വരുത്തുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്‌ത പതിനൊന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി.
ബുധനാഴ്‌ച രാത്രി 20 സ്ഥാപനങ്ങളിലാണ് പ്രത്യേക പരിശോധന നടത്തിയത്. വ്യാഴാഴ്‌ച 53 സ്ഥാപനങ്ങളിലും പരിശോധന നടന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച വാളകം ഗ്രേസ് ഹോട്ടല്‍, അമ്പലപ്പടിയിലെ തലശ്ശേരി ഫൂഡ് മാജിക്, വാളകം രുചിക്കൂട്ട് ഹോട്ടല്‍, വരാപ്പുഴ പിഎംപി ഹോട്ടല്‍, മലയാറ്റൂര്‍ സെന്‍റ് തോമസ് ഹോട്ടല്‍ ആന്‍ഡ് കൂള്‍ബാര്‍, വാഴപ്പള്ളി ബര്‍കത്ത് ഹോട്ടല്‍, വാഴപ്പള്ളി ഖലീഫ ഹോട്ടല്‍, വാഴപ്പള്ളി ഗോള്‍ഡന്‍ ക്രൗണ്‍ ഹോട്ടല്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി.
വൃത്തിഹീനമായി പ്രവര്‍ത്തിച്ച കളമശ്ശേരി സ്‌പൈസ് ഓഫ് ഷെയ്ഖ്, വാഴക്കാല മാഞ്ഞാലി ബിരിയാണി, വാഴക്കാല ശരവണ ഭവന്‍ എന്നിവയുടെയും പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടിസ് നല്‍കുകയും വിവിധ ഭക്ഷ്യവസ്‌തുക്കളുടെ 38 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്. 13 സ്ഥാപനങ്ങള്‍ക്ക് റെക്‌ടിഫിക്കേഷന്‍ നോട്ടിസ് നല്‍കി.
വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 70,500 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്‌തു. കോട്ടയം ജില്ലയില്‍ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുന്നത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണര്‍ ജോണ്‍ വിജയകുമാര്‍ അറിയിച്ചു.