എറണാകുളം: സിപിഎം സമ്മേളനത്തിന്‍റെ ഭാഗമായി നടപ്പാത കൈയേറി കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി. പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെതിരെ കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമർശിച്ചു. ഉത്തരവുകള്‍ നടപ്പാക്കാൻ ഒരു അപകടമുണ്ടായി ജീവന്‍ നഷ്‌ടമാകണോയെന്നും കോടതി ചോദിച്ചു.
വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമ വ്യവസ്ഥിതിയെന്നും കോടതി ചോദിച്ചു.
അഞ്ചാം തീയതി വരെ കൊടിത്തോരണങ്ങള്‍ സ്ഥാപിക്കാൻ സിപിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി കോര്‍പറേഷന്‍ മറുപടി നൽകി. അഞ്ചാം തിയതിക്ക് ശേഷം എല്ലാ കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കൊച്ചി കോര്‍പറേഷന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കോര്‍പറേഷന്‍റെ അനുമതിപ്പത്രം കോടതിയില്‍ ഹാജരാക്കണമെന്നും അഞ്ചാം തീയതി അവ നീക്കം ചെയ്‌ത ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Also Read: വസ്ത്രത്തിന്‍റെ പേരില്‍ പൊലീസ് സദാചാര വിചാരണയ്‌ക്ക് വിധേയമാക്കിയതായി പരാതി