കൊച്ചി: മരട് നഗരസഭയ്ക്ക് മുന്നില്‍ ഫ്ലാറ്റുടമകളുടെ പ്രതിഷേധം.മരടിലെ ഫ്ലാറ്റുകൾക്കെതിരായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച മൂന്നംഗ സമിതിക്കെതിരെയാണ് ഫ്ലാറ്റുടമകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്‍റെ ഭാഗമായി നഗരസഭക്ക് മുന്നില്‍ മുൻ ജില്ലാ കലക്‌ടർ മുഹമ്മദ് വൈസഫറുള്ള, തദ്ദേശ സ്വയംഭരണ സെക്രട്ടറി ടി.കെ ജോസ്, മുൻ നഗരസഭാ സെക്രട്ടറി പി.കെ സുഭാഷ് എന്നിവരുടെ കോലങ്ങൾ കത്തിച്ചു.
ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി വിധിക്ക് കാരണം മൂന്നംഗ സമിതി നൽകിയ തെറ്റായ റിപ്പോർട്ടാണെന്ന് മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ അഡ്വക്കേറ്റ് ഷംസുദ്ദീൻ ആരോപിച്ചു. ഫ്ലാറ്റുടമകളോടോ സർക്കാരിനോടോ ചോദിക്കാതെയാണ് മൂന്നംഗ സമിതി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിൽ തീരദേശ നിയന്ത്രണ മേഖല രണ്ടിൽ ഉൾപ്പെടുന്ന നഗരസഭയെ മൂന്നിൽ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതിയിലടക്കം സമർപ്പിച്ചിട്ടുള്ള രേഖകൾ സമിതി പരിശോധിച്ചിട്ടില്ലെന്നും ഫ്ലാറ്റുടമകൾ കുറ്റപ്പെടുത്തി. മൂന്നംഗ സമിതിക്കെതിരെ അന്വേഷണം നടത്തണമെന്നും തെറ്റായ റിപ്പോർട്ടിന്‍റെ പേരിൽ അവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്ത് നൽകുമെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു.