എറണാകുളം: കേരള സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലത്ത് മത്സ്യകൃഷി ആരംഭിച്ചു. കോതമംഗലം വെണ്ടുവഴി സ്വദേശികളായ ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് മത്സ്യകൃഷി ആരംഭിച്ചത്. വെണ്ടുവഴി സ്വദേശികളായ കെ.എൻ ബിജു , വി.ആർ പ്രസാദ്, കെ.കെ രാജു, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യകൃഷി ആരംഭിച്ചത്.
മൂന്ന് കുളങ്ങളിലായി ആറായിരം മത്സ്യ കുഞ്ഞുങ്ങളെ അക്വാപോണിക്‌സ് സംവിധാനത്തിലൂടെ വളർത്തുകയാണ് ലക്ഷ്യം. പ്രതിസന്ധി ഘട്ടങ്ങളിൽ ഭക്ഷ്യ രംഗത്ത് സ്വയംപര്യാപ്‌തത നേടാൻ ഈ സംരംഭത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. കൃഷി ഉൽപാദനം പ്രോൽസാഹിപ്പിക്കാനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം പദ്ധതി.
മത്സ്യ കൃഷിയുടെ ഉത്ഘാടനം കോതമംഗലം എംഎൽഎ ആൻ്റണി ജോൺ നിർവഹിച്ചു. കൊവിഡിന് ശേഷം കേരളം ഭക്ഷ്യ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും അത് ഏറ്റെടുക്കാൻ തയാറായ യുവാക്കളെ അഭിനന്ദിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. ഉദ്ഘാടന സമ്മേളത്തിൽ സിപിഎസ് ബാലൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെഎ നൗഷാദ്, കൗൺസിലർമാരായ സിജു തോമസ് എന്നിവർ സംസാരിച്ചു.