എറണാകുളം : സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞ കൊച്ചി സ്വദേശിയുടെ കബറടക്കം ചുള്ളിക്കൽ ജുമാ മസ്ജിദ് ശ്‌മശാനത്തിൽ നടന്നു. കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്കരിക്കരിക്കുന്നതിന് നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് കബറടക്കം പൂർത്തിയാക്കിയത്. സംസ്കാര ചടങ്ങിൽ 10 പേർ മാത്രമാണ് പങ്കെടുത്തത്. മൃതദേഹം പത്തടിത്താഴ്ചയുള്ള കുഴിയിലാണ് മറവ് ചെയ്തത്.
സുരക്ഷ മുൻനിർത്തി നിര്യാതനായ വ്യക്തിയുടെ ഭാര്യയും മകളും വീഡിയോയിലൂടെയാണ് അവസാനമായി മൃതദേഹം കണ്ടത്. ചുളളിക്കൽ പള്ളി ശ്‌മശാനത്തിൽ കബറടക്കത്തിനുള്ള പ്രത്യേക തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതിനു ശേഷമാണ് പ്ലാസ്റ്റിക്കിൽ പൂർണ്ണമായും പൊതിഞ്ഞ മൃതദേഹം ശ്‌മശാനത്തിൽ എത്തിച്ചത്. ഉടൻ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു.
സംസ്കാരത്തിൽ പങ്കെടുത്ത 10 പേരെയും നിരീക്ഷണത്തിലാക്കി . ബന്ധുക്കളെക്കൂടാതെ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നെങ്കിലും ശ്‌മശാനത്തിൽ പ്രവേശിച്ചില്ല. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സുരക്ഷാ മുൻ കരുതലുകൾ അവലോകനം ചെയ്ത് കർശന നിർദേശങ്ങൾ നൽകിയിരുന്നു.