എറണാകുളം: മൂവാറ്റുപുഴ കീച്ചേരിപ്പടിയിൽ വ്യാജ രേഖകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്‌ഡിൽ ഒരാൾ അറസ്‌റ്റിൽ. മുർഷിദാബാദ് സ്വദേശി സൻജിത് കുമാർ മോൻഡൽനാണ് അറസ്‌റ്റിലായത്.
മൂവാറ്റുപുഴ കീച്ചേരിപ്പടിയിൽ ചക്കുങ്ങൽ ബിൽഡിംഗിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന വൺ സ്‌റ്റോപ്പ് ഷോപ്പ് എന്ന ഓൺലൈൻ ബുക്കിങ് സ്ഥാപനത്തിലാണ് ആർടിപിസിആർ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്‌തു കൊണ്ടിരുന്നത്. മൂവാറ്റുപുഴ, കോട്ടയം, എറണാകുളം, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ ലാബുകളിലെയും ആശുപ്രത്രികളിലെയും വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ ഈ സ്ഥാപനത്തിൽ നിന്ന് പ്രിന്‍റ് ചെയ്‌തിരുന്നു. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതായി ആശുപത്രികളിൽ നിന്നും ലാബുകളിൽ നിന്നും പരാതി മൂവാറ്റുപുഴ പൊലീസിന് ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്‌ഡ്.
റെയ്‌ഡിൽ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നിർമിച്ച വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉൾപ്പടെ പൊലീസ് കണ്ടെത്തുകയും വിശദമായ പരിശോധനയ്‌ക്കായി സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. തുടർന്ന് സ്ഥാപനം സീൽ ചെയ്‌തു.