എറണാകുളം: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കളമശേരി പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷത്തിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രകടനം കയ്യാങ്കളിയിലേക്ക്: പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് മുൻ എംഎൽഎ വി.പി സജീന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പിന്നീട് രണ്ട് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്മാറിയില്ല. തുടർന്ന് ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. ഇതിനിടെ പൊലീസ് ലാത്തിവീശിയതോടെയാണ് നാല് പ്രവർത്തകർക്ക് പരിക്കേറ്റത്. പരിക്കേറ്റ ഷംസുദ്ധീൻ, വഹാബ്, അരുൺ, നജീബ് എന്നീ പ്രവർത്തകരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോപണം കടുക്കുമ്പോള്‍: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രതികളെ രക്ഷപെടുത്താൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ആരോപണ വിധേയനായ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്‍റ് അനിൽ കുമാറിൽ അന്വേഷണം ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്നും ആശുപത്രി സുപ്രണ്ട് ഗണേഷ് മോഹനനെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ പൊലീസ് അന്വേഷണവും, നിയമ വിരുദ്ധമായ ദത്ത് നടപടിയെ കുറിച്ച് ചൈൽഡ് വെൽ ഫെയർ കമ്മിറ്റിയുമാണ് അന്വേഷണം നടത്തുന്നത്.
സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: കഴിഞ്ഞ ഓഗസ്‌റ്റില്‍ ആലുവ സ്വദേശിക്ക് കളമശ്ശേരി മെഡിക്കൽ കോളജിൽ ജനിച്ച പെൺകുട്ടിയേയായിരുന്നു തൃപ്പൂണിത്തുറ സ്വദേശികൾ നിയമവിരുദ്ധമായി ദത്തെടുത്തത്. ഇതേ കുട്ടിക്ക് വേണ്ടിയാണ് ഫെബ്രുവരി ഒന്നാം തീയതി കളമശേരി മെഡിക്കൽ കോളജില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്‍റ് അനിൽകുമാർ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത്. താൻ അറിയാതെയാണ് ജനന സർട്ടിഫിക്കറ്റ് രജിസ്‌റ്ററില്‍ തിരുകി കയറ്റിയതെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് നൽകുന്ന ചുമതലയിലുണ്ടായിരുന്ന നഗരസഭ ജീവനക്കാരി രഹന പരാതി നല്‍കിയതോടെയാണ് അനിൽ കുമാറിനെതിരെ കേസെടുക്കുന്നത്.
എന്നാൽ ആശുപത്രി സുപ്രണ്ടിന്‍റെ പരാതിയിൽ ജീവനക്കാരി രഹനക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. അതേസമയം കേസിൽ പ്രതികളാകാന്‍ സാധ്യതയുള്ളതിനാല്‍ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.