എറണാകുളം: നവകേരള സൃഷ്ടിക്കായി പാർട്ടിയെ സജ്ജമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്നാം തവണയും സി.പി.എം. സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. വികസനത്തിനെതിരായി പ്രവർത്തിക്കുന്ന വർഗീയ ശക്തികൾക്കെതിരെ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കും.
കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശം സമ്മേളനം ചർച്ച ചെയ്തു. മെയ്, ജൂൺ മാസങ്ങളിൽ പാർട്ടി ഘടകങ്ങളിൽ നയരേഖയെക്കുറിച്ച് വിശദീകരിക്കും. ബ്രാഞ്ച് തലം വരെ ചർച്ച നടത്തുമെന്നും കോടിയേരി അറിയിച്ചു.
പാർട്ടിയിലെ മഹിള അംഗസംഖ്യ 25 ശതമാനമായി ഉയർത്തും. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തും. വീടില്ലാത്തവർക്ക് വീട് വച്ചു നൽകും. 1100 വീടുകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഒരു വർഷത്തിനകം 1000 വീടുകൾ നിർമിച്ചു നൽകും. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് ജി സുധാകരൻ കത്ത് നൽകിയിരുന്നു.
Also Read: കോടിയേരിക്ക് മൂന്നാമൂഴം, സിപിഎമ്മിന് പുതിയ മുഖം, പുതിയ നയം
മന്ത്രിമാർക്കും പാർട്ടി സെന്‍ററിന്‍റ ഭാഗമായി പ്രവർത്തിക്കാൻ കഴിയും. ഒഴിവാക്കപ്പെട്ടവർക്ക് പ്രത്യേകം ചുമതലകൾ നൽകും. പി ജയരാജനെ എന്ത് കൊണ്ട് ഒഴിവാക്കിയെന്ന ചോദ്യത്തിന് നിശ്ചിത ആളുകളെ മാത്രമെ സെക്രട്ടേറിയറ്റിലെടുക്കാനാവുയെന്നായിരുന്നു കോടിയേരിയുടെ മറുപടി. ഗുരുതരമായ ആരോപണത്തെ തുടർന്ന് മാറ്റി നിർത്തിയ പി.ശശിയെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിനെ കോടിയേരി ന്യായീകരിച്ചു.
മാധ്യമങ്ങൾ പ്രചരിപ്പിച്ച വിഷയവുമായി ബന്ധപ്പെടുത്തിയല്ല സംഘടനാപരമായ വിഷയങ്ങളെ തുടർന്നാണ് അദ്ദഹത്തെ മറ്റി നിർത്തിയതെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ നിർദേശിച്ചതെന്നും കോടിയേരി വ്യക്തമാക്കി.