എറണാകുളം: മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്‌ടർ എസ്. സുഹാസ് അറിയിച്ചു. പോൾ മാനേജർ ആപ്പിലൂടെ ഒരോ ബൂത്തിലെയും കാര്യങ്ങൾ വിലയിരുത്താൻ കഴിയും. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വോട്ടിങ്ങിനായി എല്ലാവരും കാത്തിരിക്കുകയാണെന്നും കലക്‌ടർ പറഞ്ഞു. വോട്ടിങ് സാമഗ്രികളുമായി പോളിങ് കേന്ദ്രത്തിൽ ഇന്നെത്തുന്ന ഉദ്യോഗസ്ഥർക്ക് അവിടെ താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടിങ് യന്ത്രങ്ങൾ എറണാകുളം മഹാരാജാസ് കോളജിൽ നിന്നും ചുമതലയുള്ള ഉദ്യോഗസ്ഥൻമാർ ഏറ്റുവാങ്ങി. പ്രിസൈഡിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിൽ വോട്ടിങ് മെഷീൻ ഉൾപ്പടെയുള്ള സാമഗ്രികളുമായി അതത് പോളിങ് സ്റ്റേഷനുകളിലേക്ക് ഉദ്യോഗസ്ഥർ യാത്ര തിരിച്ചു. വോട്ടിങ് യന്ത്രങ്ങളെല്ലാം തന്നെ രണ്ടുഘട്ട സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയാണ് പോളിങ്ങിനായി കൈമാറിയത്. യന്ത്രങ്ങളുടെ റാൻഡമൈസേഷനും നേരത്തെ പൂർത്തിയാക്കിയിരുന്നു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന്റെ ഒന്നര മണിക്കൂർ മുമ്പാണ് മോക്ക് പോൾ നടത്തുന്നത്. ബൂത്തിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തിന്‍റെ കാര്യക്ഷമത സ്ഥാനാർഥികളുടെ ഏജന്‍റുമാർ ഉറപ്പു നൽകുന്നതിനാണ് മോക്ക് പോൾ നടത്തുന്നത്. 5.30ന് ആരംഭിക്കുന്ന മോക്ക് പോളിങ്ങിൽ ഓരോ യന്ത്രത്തിലും 50 വോട്ട് വീതമാണ് ചെയ്യുന്നത്. ഇത് എണ്ണിതിട്ടപ്പെടുത്തി സീൽ ചെയ്ത് മാറ്റും. മുഴുവൻ സ്ഥാനാർഥികളുടെയും ഏജന്‍റുമാരുടെ സാന്നിധ്യത്തിലാണ് മോക്ക് പോളിങ് നടത്തുക. തുടർന്ന് ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.