എറണാകുളം : കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് കൊച്ചിയില്‍ രണ്ടാം ദിനവും പൂർണം. പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി. തുടർന്ന്, നടന്ന തൊഴിലാളി സംഗമത്തിൽ പ്രമുഖ നേതാക്കൾ സംസാരിച്ചു.
'പണിമുടക്കുകയല്ലാതെ മറ്റ് വഴികളില്ല' : ദേശീയ പണിമുടക്കിനെ പരാജയപ്പെടുത്താൻ കോർപ്പറേറുകളും ചില മാധ്യമങ്ങളും ബോധപൂർവമായ ശ്രമം നടത്തുകയാണെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് കെ.കെ ഇബ്രാഹിംകുട്ടി ആരോപിച്ചു. നാല് മാസം മുന്‍പ് പ്രഖ്യാപിച്ച് നടത്തുന്ന പണിമുടക്കാണിത്. എന്നാല്‍ ഇന്നലെ പ്രഖ്യാപിച്ച് നടത്തുന്നുവെന്ന രീതിയിലാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഈ നാല് മാസത്തിനിടയിൽ ഒരു ചർച്ചയ്ക്ക് പോലും മോദി സര്‍ക്കാര്‍ തയ്യാറായില്ല.
മുഖം തിരിഞ്ഞുനിന്ന കേന്ദ്ര സർക്കാറിനെതിരെ പണിമുടക്കുകയല്ലാതെ മറ്റ് വഴികളില്ല. സംയുക്ത ട്രേഡ് യൂണിയൻ നിലവിൽ വന്ന ശേഷം 21-ാത്തെ പണിമുടക്കാണിത്. മൻമോഹൻ സർക്കാറിന്‍റെ കാലത്ത് സമരം നടത്തിയതിനെ തുടർന്ന് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള തീരുമാനത്തിൽ നിന്നും അവർ പിന്നോട്ടുപോയിരുന്നു.
നിരത്തിറങ്ങി ഓട്ടോ - ടാക്‌സി വാഹനങ്ങൾ : സമരം ചെയ്യുന്ന തൊഴിലാളികളുമായി അന്ന് സംസാരിക്കാൻ തയ്യാറായെങ്കിലും ഇന്ന് അതിന് പോലും തയ്യാറാകുന്നില്ലന്നും കെ.കെ ഇബ്രാഹിം കുട്ടി ചൂണ്ടിക്കാട്ടി. രണ്ടാം ദിവസവും കൊച്ചിയിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. ഓട്ടോ ടാക്‌സി സർവീസുകളും പണിമുടക്കി. അതേസമയം ഇന്ന് ഓട്ടോ ടാക്‌സി വാഹനങ്ങൾ വിരളമായി നിരത്തിലിറങ്ങി.
ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഇന്നലത്തെ അപേക്ഷിച്ച് കൂടുതല്‍ റോഡിലിറങ്ങി. കടകമ്പോളങ്ങൾ ഇന്ന് തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാര സംഘടനകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗവും അടഞ്ഞുകിടന്നു.
ഉന്നയിച്ചത് നിരവധി ആവശ്യങ്ങള്‍ : ഒറ്റപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറന്ന് പ്രവർത്തിച്ചു. പശ്ചിമ കൊച്ചിയിൽ നിന്നും ജനങ്ങൾ കൊച്ചി നഗരത്തിലേക്ക് എത്തുന്നതിന് ആശ്രയിക്കുന്ന ജല ഗതാഗത വകുപ്പിന്‍റെ ബോട്ടുകള്‍ സർവീസ് നടത്തിയില്ല. എറണാകുളം ബോട്ട് ജെട്ടി അടഞ്ഞുകിടന്നു. മെട്രോ സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാർ വിരളമാണ്.
സർക്കാർ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും വ്യവസായ മേഖലയെയും പണിമുടക്ക് ബാധിച്ചു. അമ്പലമുകളിൽ കൊച്ചി റിഫൈനറിയിലേക്ക് ജീവനക്കാരുമായെത്തിയ വാഹനങ്ങള്‍ ഇന്നും സമരാനുകൂലികൾ തടഞ്ഞു. അതേസമയം, മറ്റ് അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ALSO READ: ദേശീയ പണിമുടക്ക് രണ്ടാം ദിനവും പൂര്‍ണം; തലസ്ഥാനത്തുനിന്നുള്ള കാഴ്‌ച
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുക എന്നിവ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്. ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ട്രേഡ് യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്നത്.
കർഷക സംഘടനകൾ, തൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ, ബി.എസ്.എൻ.എൽ, എൽ.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ ഉൾപ്പടെ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ പണിമുടക്കിൽ പങ്കെടുക്കുന്നു. ബി.എം.എസ് മാത്രമാണ് പണിമുടക്കിൽ നിന്നും വിട്ടുനിൽക്കുന്ന തൊഴിലാളി സംഘടന.