എറണാകുളം: ചേരാനെല്ലൂർ ജ്വല്ലറിയില്‍ മോഷണം നടത്തിയാൾ പൊലീസ് പിടിയില്‍. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശി ജോസാണ് പിടിയിലായത്. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജ്വല്ലറി കുത്തിത്തുറന്ന് ഒരു കിലോ സ്വർണാഭരണങ്ങളും 90000 രൂപയും മോഷ്ടിച്ച പ്രതിയെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മോഷണം നടത്തി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഒളിവിൽ താമസിച്ചിരുന്ന കളമശേരിയിലെ വാടക വീട്ടിൽ നിന്ന് ഇയാൾ അറസ്റ്റിലായത്. മോഷ്ടിച്ച ആഭരണങ്ങൾ ഈരാറ്റുപേട്ടയിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി ആഭരണങ്ങൾ കണ്ടെടുത്തു.
ഭാര്യയും മക്കളും യൂറോപ്പിലാണെന്നും അടുത്ത മാസം നാട്ടിൽ എത്തുന്ന ഇവർക്ക് വേണ്ടിയാണ് മുറിയെന്നുമാണ് ഇയാൾ കളമശേരിയിലെ വീട്ടുടമയോട് പറഞ്ഞിരുന്നത്. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിൽ നിന്ന് കളമശേരിയിൽ എത്തി ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ ഉള്ള സാധനങ്ങൾ മോഷ്ടിക്കാനായിരുന്നു പദ്ധതി. മറ്റൊരു മോഷണ കേസിൽ ജയിലിൽ നിന്ന് ഇറങ്ങിയ ഇയാൾ ബന്ധുവിന്‍റെ കാർ മോഷ്ടിച്ച് അതിലാണ് സഞ്ചരിച്ചിരുന്നത്. ഇയാൾക്കെതിരെ ഹിൽ പാലസ് സ്റ്റേഷനിൽ കൊലപാതക കേസും, പുത്തൻ കുരിശ്, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ മോഷണ കേസും നിലവിലുണ്ട്. പ്രതിയെ കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.