എറണാകുളം: ഇലന്തൂർ നരബലി സമാനതകളില്ലാത്ത കുറ്റകൃത്യമെന്ന് കോടതി. സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചുവെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതികളെ കസ്റ്റഡിയിൽ വിട്ട എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിലാണ് പരാമർശമുള്ളത്.
നമ്മുടെ ഭരണഘടനയുടെ ആത്മാവ് പോലും ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുക എന്നതാണ്. നമ്മുടെ വിചിത്രമായ വിശ്വാസങ്ങൾ, അന്ധവിശ്വാസങ്ങൾ, ആചാരങ്ങൾ മുതലായവ പ്രചരിപ്പിക്കുന്നതിന് ഫേസ്‌ബുക്ക്, മൊബൈൽ ഫോൺ, യൂട്യൂബ് തുടങ്ങിയ ആധുനിക ശാസ്ത്ര ഉപകരണങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഫലത്തിൽ ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുമ്പോൾ ഇത്തരം പിന്തിരിപ്പൻ പ്രവൃത്തികൾ സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നു. അന്വേഷണം നടത്തേണ്ട 20 പ്രത്യേക മേഖലകളെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കേസിന്‍റെ വിവിധ തലങ്ങൾ ഉൾക്കൊള്ളുന്ന ശരിയായതും സമഗ്രവുമായ അന്വേഷണത്തിന് ഉതകുന്ന കൂടുതൽ സൂചനകളും വിവരങ്ങളും ലഭിക്കുന്നതിന് കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും പ്രതികളുടെ കസ്റ്റഡി ഉത്തരവിൽ പറയുന്നു.
Also Read: ഇലന്തൂർ നരബലി : മൂന്ന് പ്രതികളെയും 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
പ്രതികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്, ഒരോ മൂന്ന് ദിവസം കൂടുന്തോറും പ്രതികളുടെ വൈദ്യപരിശോധന ഫലം കോടതിക്ക് മെയിൽ ചെയ്യണമെന്നും ഉത്തരവിൽ നിർദേശമുണ്ട്. അതേസമയം പ്രതികളെ എറണാകുളം പൊലീസ് ക്ലബിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇലന്തൂരിൽ ഉൾപ്പെടെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.