എറണാകുളം: ജീവിത പ്രതിസന്ധികളെ ആത്മവിശ്വാസം കൊണ്ട് നേരിട്ട്, സുന്ദരമായ അതിജീവന മാതൃകയൊരുക്കി ശ്രദ്ധേയയായ ഡോ. ഷാഹിനയ്‌ക്ക് മനംപോലെ മംഗല്യം. അഞ്ചാം വയസിൽ സംഭവിച്ച അപകടത്തിൽ ശരീരത്തിന്‍റെ 70 ശതമാനം പൊള്ളലേറ്റിട്ടും പ്രതിസന്ധികളെ ദൃഢനിശ്ചയത്തോടെയാണ് കളമശേരി സ്വദേശിനി ഷാഹിന നേരിട്ടത്. ഈ കരുത്തിന് ജീവിതത്തില്‍ കൂട്ടായി മലപ്പുറം മാറഞ്ചേരി സ്വദേശി നിയാസുണ്ടാവും.
സമൂഹ മാധ്യമത്തിലൂടെയാണ് നിയാസ് ഡോക്‌ടറുടെ ജീവിതത്തെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന്, ഇരുവരും കണ്ടുമുട്ടുകയും വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു. കളമശേരി ടൗൺഹാളിൽ വച്ച് ഒക്‌ടോബര്‍ ഒന്‍പതിനാണ് നിയാസും ഷാഹിനയും തമ്മിലുള്ള വിവാഹം നടന്നത്. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
നവദമ്പതികളെ ക്ഷണിച്ച് മഹാനടന്‍ മമ്മൂട്ടി: മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ പഠിക്കുന്നതിനിടെ അബദ്ധത്തിൽ മേശയുടെ മുകളിൽ നിന്നും വിളക്ക് ശരീരത്തിലേക്ക് വീഴുകയായിരുന്നു. കീഴ്‌ത്താടി ശരീരത്തിലേക്ക് ഒട്ടിപ്പിടിച്ചു, കൈവിരലുകൾ ചലിപ്പിക്കാനാവാത്ത വിധത്തിലായിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ജീവിതത്തിലേക്കെത്തി. എന്നാല്‍, പഴയ രൂപം നഷ്‌ടമായെങ്കിലും ഷാഹിനയുടെ ആത്മവിശ്വാസത്തിന് മുന്‍പില്‍ അതെല്ലാം പരാജയപ്പെട്ടു. അവൾ പഠിച്ച് ഡോക്‌ടറായി. തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ഹോമിയോ ക്ലിനിക്കിലാണ് ഷാഹിന ജോലി ചെയ്യുന്നത്.
ഒരു വർഷം മുന്‍പ് നടന്ന ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് ഷാഹിനയെ കൂടുതല്‍ പേര്‍ അറിഞ്ഞത്. ഇക്കൂട്ടത്തിൽ മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയും ഉണ്ടായിരുന്നു. അദ്ദേഹം ഡയറക്‌ടറായ പതഞ്‌ജലി ഹെർബൽസിൽ ഷാഹിനയ്‌ക്ക് ചികിത്സയ്‌ക്ക് സൗകര്യമൊരുക്കുകയും ചെയ്‌തു.
കഴിഞ്ഞ, ഒരു വർഷമായി അവിടെ ചികിത്സയിലാണ് ഷാഹിന. നവ ദമ്പതികളെ നടൻ മമ്മൂട്ടി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചതും ഇവര്‍ക്ക് ഇരട്ടി മധുരമേകിയിട്ടുണ്ട്. പിതാവ് കുഞ്ഞുമുഹമ്മദ്, ഉമ്മ സുഹറ, മൂന്ന് സഹോദരിമാർ എന്നിവരടങ്ങുന്ന കുടുംബം വലിയ പിന്തുണയാണ് ഷാഹിനയ്‌ക്ക് നല്‍കുന്നത്.