എറണാകുളം: കനത്ത മഴയില്‍ വെള്ളം കയറിയ ബൂത്തുകളിലെ വോട്ടിങ് സമയം ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് എറണാകുളം ജില്ലാ കലക്‌ടർ എസ് സുഹാസ്. നഗരത്തിലെ വെള്ളക്കെട്ട് സ്ഥിതി നിയന്ത്രണവിധേയമാണെന്നും കലക്‌ടർ അറിയിച്ചു. വെള്ളപ്പൊക്കം ബാധിച്ച ബൂത്തുകളിലെ സ്ഥിതിഗതികൾ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മൂന്ന് മണി വരെ വിലയിരുത്തിയശേഷം കമ്മീഷന് റിപ്പോർട്ട് നൽകും. അവരുടെ തീരുമാനപ്രകാരമാകും മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു.
എറണാകുളം നിയമസഭാമണ്ഡലത്തിൽ 11 ബൂത്തുകളിൽ വെള്ളം കയറിയിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ നിന്നും മറ്റിടങ്ങളിലേക്ക് ബൂത്തുകൾ മാറ്റി പോളിങ് തുടരുകയാണ്. അയ്യപ്പൻകാവ് സ്‌കൂളിലെ അഞ്ച് ബൂത്തുകൾ മാറ്റി സ്ഥാപിച്ചിരുന്നു. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് അയ്യപ്പൻകാവ് ബൂത്തിലാണെന്നും കലക്‌ടർ പറഞ്ഞു. കലൂർ സബ്സ്റ്റേഷനിൽ വെള്ളം കയറിയത് പമ്പുചെയ്ത് പുറത്ത് കളയുന്നതിനുള്ള ശ്രമം തുടരുകയാണ്. രണ്ട് മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ച് വൈദ്യുതി പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
ജില്ലയിൽ നിലവിൽ അഞ്ച് ദുരിതാശ്വാസക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. അറുപത്തിയഞ്ചോളം കുടുംബങ്ങളാണ് ഈ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴുള്ളത്. ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റും സ്ഥലത്തുണ്ട്. മഴയെ തുടർന്നുള്ള സ്ഥിതിഗതികൾ കലക്‌ട്രേറ്റ് ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ജില്ലാഭരണകൂടം ചെയ്യുമെന്നും ജില്ലാ കലക്‌ടർ പറഞ്ഞു