തിരുവനന്തപുരം: തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ. യൂസഫിനെതിരെ എറണാകുളം കലക്‌ടര്‍ എസ്. സുഹാസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഒബിസി സംവരണത്തിന് ആസിഫിന് യോഗ്യതയില്ലെന്നാണ് കണ്ടെത്തല്‍. ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഐ.എ.എസ് നേടിയതെന്ന പരാതിയിന്മേലുള്ള റിപ്പോര്‍ട്ടാണ് കലക്‌ടര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമാകും ആസിഫിനെതിരായ തുടർ നടപടി.
സിവില്‍ സർവീസ് പരീക്ഷ എഴുതുന്നതിന് തൊട്ട് മുന്നേയുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയാകണമെന്നതാണ് ഒബിസി സംവരണത്തിനുള്ള മാനദണ്ഡം. എന്നാല്‍ ഈ മൂന്ന് വര്‍ഷങ്ങളിലെയും ആസിഫിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തിന് മുകളിലാണെന്ന് കലക്‌ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആസിഫിന്‍റെ അച്ഛന്‍റെയും അമ്മയുടേയും വാര്‍ഷിക വരുമാനത്തിന്റെ കണക്കും കലക്‌ടര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ഷിക വരുമാനം 1,80,000 രൂപയെന്ന് ആസിഫ് പറഞ്ഞ വര്‍ഷം 21 ലക്ഷത്തിന് മുകളിലാണ് വരുമാനം. 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ 23 ലക്ഷത്തിന് മുകളിലും 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ 28 ലക്ഷത്തിന് മുകളിലുമാണ് വരുമാനം. 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215 ആം റാങ്ക് നേടിയ ഉദ്യോഗസ്ഥനാണ് തലശ്ശേരി സബ് കലക്‌ടറായ ആസിഫ് കെ. യൂസഫ്.
ആസിഫ് കെ. യൂസഫിനെതിരെയുള്ള പരാതിയില്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ട് അഞ്ച് മാസമായിട്ടും എറണാകുളം കലക്‌ടർ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് കലക്‌ടർ എസ്. സുഹാസ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നൽകിയത്.