എറണാകുളം : സിറോ മലബാർ സഭയുടെ സിനഡ് തീരുമാനിച്ച അൾത്താര അഭിമുഖ കുർബാന നടപ്പാക്കാനാവില്ലെന്ന് ആവർത്തിച്ച് എറണാകുളം അങ്കമാലി അതിരൂപത. ജനാഭിമുഖ കുർബാന തുടരുന്നതാണ് ഉചിതമെന്ന് മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആൻ്റണി കരിയിൽ അറിയിച്ചു.
അതിരൂപതയിൽ ഏകീകൃത കുർബാനയ്ക്ക് സൗകര്യങ്ങൾ ക്രമീകരിക്കണമെന്ന് നിർദേശിച്ചുള്ള കർദിനാൾ ആലഞ്ചേരിയുടെ കത്തിനാണ് ബിഷപ്പ് ആൻ്റണി കരിയില്‍ മറുപടി നൽകിയത്. ഏകീകൃത കുർബാന നടപ്പാക്കിയാൽ പള്ളികളിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകും. അൾത്താര അഭിമുഖ കുർബാനയ്ക്ക് നിർദേശം നൽകുന്നത് വിവേകപരമല്ല.
അൾത്താര അഭിമുഖ കുർബാന നടത്താൻ നിർബന്ധിക്കരുതെന്നും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെയും മറ്റ് ബിഷപ്പുമാരെയും അറിയിച്ചു.
പ്രതിഷേധവുമായി വിശ്വാസികള്‍
നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ തുടർന്നുവരുന്ന ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ പ്രതിഷേധം തുടരുകയാണ്. അൾത്താരാഭിമുഖ കുർബാനയ്ക്കെതിരെ ഒരു വിഭാഗം വിശ്വാസികൾ ക്രിസ്‌മസ് ദിനത്തിൽ പ്രതിഷേധിക്കും. അതിരൂപത ആർച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് മണി വരെയാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നത്.
Also read: ഇക്കുറിയും പുതുവത്സരാഘോഷത്തിന് പപ്പാഞ്ഞിയില്ല ; കൊച്ചി കാർണിവൽ പേരിന് മാത്രം