എറണാകുളം : ഉത്തരേന്ത്യൻ പെൺകുട്ടി പീഡനത്തിനിരയായ കേസന്വേഷിക്കാൻ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ എറണാകുളം നോർത്ത് മുൻ എ.എസ്.ഐക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ഹൈക്കോടതി. കേസിൽ അമിക്കസ്‌ക്യൂറിയെ നിയമിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പൊലീസുകാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
സംഭവത്തിൽ കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ സർക്കാർ വിശദീകരണം നൽകി. ഡൽഹിയിലേക്ക് വിമാനയാത്രക്കായി പരാതിക്കാരിൽ നിന്ന് പൊലീസ് വാങ്ങിയ പണം തിരികെ കൊടുത്തെന്ന് സർക്കാർ അറിയിച്ചു. പൊലീസുകാരനെതിരെ കുടുംബം ആരോപണമുന്നയിച്ചതല്ലാതെ പരാതി നൽകിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. കേസ് ഹൈക്കോടതി അടുത്ത മാസം വീണ്ടും പരിഗണിക്കും.
READ MORE:വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു
മുൻ എ.എസ്.ഐക്കെതിരെ കൊച്ചിയിൽ താമസിക്കുന്ന ഡൽഹി സ്വദേശികളായ കുടുംബമാണ് ആരോപണമുന്നയിച്ചത്. ഈ കുടുംബത്തിലെ രണ്ട് പെൺകുട്ടികൾ ഫോൺ വഴി പരിചയപ്പെട്ട ഡൽഹി സ്വദേശികളെ തേടി നാടുവിട്ടിരുന്നു. ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം കൊച്ചിയിൽ പൊലീസിനെ സമീപിച്ചത്. ഡൽഹി പൊലീസിന്‍റെ സഹായത്തോടെ കണ്ടെത്തിയ പെൺകുട്ടികളെ പൊലീസ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
അതേസമയം ഇവരുടെ രണ്ട് സഹോദരന്മാര്‍ പീഡിപ്പിച്ചെന്നും അതിനാലാണ് നാടുവിട്ടതെന്നും പെൺകുട്ടികൾ മൊഴി നൽകിയെന്നായിരുന്നു എറണാകുളം നോർത്ത് പൊലീസ് വ്യക്തമാക്കിയത്. ഇരുവരെയും പീഡനക്കേസിൽ അറസ്റ്റ് ചെയ്‌തിരുന്നു.
പെൺകുട്ടിയെ സഹോദരൻ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും മക്കളെ തിരികെ കിട്ടാൻ അഞ്ച് ലക്ഷം രൂപ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഡൽഹിയിൽ പെൺകുട്ടികളെ പീഡിപ്പിച്ച പ്രതികളിൽ ഒരാളെ പൊലീസ് കേസിൽ നിന്ന് ഒഴിവാക്കിയെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.