എറണാകുളം: കോതമംഗംലം പിണവൂര്‍കുടിയില്‍ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചത്. ഇന്ന് (ജൂണ്‍ 16 ബുധനാഴ്ച) പുലര്‍ച്ചെയാണ് പിണവൂര്‍ക്കുടി കൊട്ടാരം വീട്ടിലെ ഗോപാലകൃഷ്‌ണന്‍റെ കിണറ്റില്‍ കാട്ടാന വീണത്. രാത്രിയിൽ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തിലെ ആന പുലർച്ചെ കിണറ്റിൽ വീഴുകയായിരുന്നു.
ഗോപാലകൃഷ്ണന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്‍റെ ഒരു വശം ഇടിച്ച് ആനയ്‌ക്ക് കയറാൻ വഴി ഒരുക്കി. ആനയ്‌ക്ക് കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയില്ല.
READ MORE: കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
അതേസമയം വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. ആനശല്യം തടയാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു പരാതി. നഷ്ടപരിഹാരം നല്‍കിയതിനുശേഷം മാത്രമെ ആനയെ കരയ്ക്ക് കയറ്റാന്‍ അനുവദിക്കൂ എന്ന് വീട്ടുടമ നിലാപാടെടുത്തതോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചു. ഡി.എഫ്.ഒ ഇടപെട്ട് നാട്ടുകാരുമായി ചർച്ച നടത്തിയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്.