എറണാകുളം: ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും എംഎല്‍എയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കേസ് അന്വേഷണവുമായി എംഎല്‍എ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഒക്‌ടോബര്‍ 20ന് സെഷന്‍സ് കോടതി അനുവദിച്ച ഇളവ് റദ്ദാക്കിയിരുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച് രണ്ട് ദിവസത്തിനകം എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് നടപടി. തന്നെ മര്‍ദിച്ചെന്നും വധിക്കാന്‍ ശ്രമം നടത്തിയെന്നുമുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം തനിക്കെതിരെ നല്‍കിയ പരാതിയില്‍ യുവതിയുമായി എംഎല്‍എ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും 30 ലക്ഷം രൂപ വാഗ്‌ദാനം ചെയ്തെന്നും യുവതി പറയുന്നു.
also read: നിരപരാധി, യുവതിക്കു പിന്നില്‍ സിപിഎം; എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കി