എറണാകുളം: അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിക്കണമെന്ന എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ ആവശ്യം തള്ളി കോടതി. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. യുഎപിഎ കേസിലെ പ്രതിയായ ഷാറൂഖ് സെയ്‌ഫിയുടെ ആവശ്യത്തിനെതിരെ എൻ.ഐ.എ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു.
വിചാരണ നടപടികളുടെ ഭാഗമായി കോടതിയിലെത്തുന്ന വേളയിൽ അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ നിയമാനുസൃതമായി അഭിഭാഷകന് ജയിലിലെത്തി പ്രതിയെ കണ്ട് സംസാരിക്കാമെന്ന് കോടതി വ്യക്തമാക്കി. ഷാറൂഖ് സെയ്‌ഫിയെ ഈ മാസം 27 വരെയാണ് കോടതി റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്.
കേസ് ഏറ്റെടുത്ത ശേഷം 11 ദിവസമാണ് എൻ.ഐ.എ ഷാറൂഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌തത്. പ്രതി ഷാറൂഖ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തണമെന്നും എൻ.ഐ.എ കോടതിയിൽ അറിയിച്ചിരുന്നു. മെയ് രണ്ടിനായിരുന്നു എൻ ഐ എ പ്രതിയെ ഒരാഴ്‌ചത്തെ കസ്റ്റഡിയിൽ വാങ്ങിയത്.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് നാല് ദിവസം കൂടി കസ്റ്റഡിയിൽ വിടുകയായിരുന്നു. പ്രതിയുടെ ഡൽഹി ഷഹീൻ ബാഗിലെ വീട്ടിൽ എൻ ഐ എ നേരത്തെ പരിശോധന നടത്തിയിരുന്നു. അതേസമയം പ്രതി വിപിഎൻ ഉപയോഗിച്ച് നടത്തിയ ഇൻ്റർനെറ്റ് സെർച്ചുകളിൽ ദുരൂഹതയുണ്ട്.
ഷാറൂഖ് സെയ്‌ഫിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ മിറർ കോപ്പികൾ പരിശോധിച്ചതിൽ നിന്ന്, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഷാറൂഖ് സെയ്‌ഫിയെ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും, പ്രതി മിനറൽ വാട്ടര്‍ കുപ്പിയിൽ പെട്രോൾ വാങ്ങിയ ഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള പെട്രോൾ പമ്പിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്‌തിരുന്നു.
കുറ്റകൃത്യത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ ബന്ധം, ഭീകര സംഘടനകളുടെ സഹായം, ഇത്തരമൊരു കൃത്യത്തിന് കേരളം തെരഞ്ഞെടുത്തത് എന്തിന് തുടങ്ങിയ കാര്യങ്ങളിലും എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ വീട് ഉൾപ്പെടുന്ന ഡൽഹി ഷഹീൻ ബാഗ് കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണമാണ് എൻഐഎ നടത്തിയത്. കേരള പൊലീസ് നടത്തിയ 12 ദിവസത്തെ അന്വേഷണത്തിൽ ലഭിച്ച കാര്യങ്ങൾ ഉൾപ്പടെ സൂക്ഷ്‌മമായി പരിശോധിച്ചാണ് എൻഐഎ മുന്നോട്ട് നീങ്ങുന്നത്.
തീവ്രവാദ ബന്ധം സംശയിക്കുന്ന എലത്തൂർ കേസ്, ഇത്തരം കേസുകൾ അന്വേഷിച്ച് പരിചയമുള്ള ഏജൻസി അന്വേഷിക്കുന്നതായിരിക്കും ഫലപ്രദമാവുകയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ ഏറ്റെടുത്തത്. കഴിഞ്ഞ ഏപ്രിൽ 18-നായിരുന്നു എൻഐഎ കേസ് ഏറ്റെടുത്തത്. തുടർന്ന് സംഘം നടത്തിയ അന്വേഷണത്തിൽ ഷാറൂഖ് സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് സൂചന.
എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങൾ ഉൾപ്പടെ പരിഗണിച്ചാണ് ഈ കേസിൽ യുഎപിഎ ചുമത്തിയത്. അന്വേഷണ ചുമതലയുള്ള കൊച്ചി എൻഐഎ യൂണിറ്റ്, കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു.
രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. തീവ്രവാദ സ്വഭാവമുള്ളതും കേരളത്തിന് പുറമെ ഡൽഹി, മഹാരാഷ്ട്ര, അടക്കമുള്ള സംസ്ഥാനങ്ങളിൽ ബന്ധങ്ങളുമുള്ള കേസിൽ കേരള പൊലീസിന്‍റെ അന്വേഷണത്തിന് പരിമിതികളുണ്ടെന്നും വിമർശനം ഉയർന്നിരുന്നു. അതേസമയം എലത്തൂർ കേസിൽ തുടക്കം മുതൽ തന്നെ പൊലീസ് അന്വേഷണത്തിന് സമാന്തരമായി ദേശീയ അന്വേഷണ എജൻസിയും വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഇതേ തുടർന്ന് തീവ്രവാദ ബന്ധത്തിന്‍റെ സൂചനകൾ കിട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ടും നൽകിയിരുന്നു. ഡൽഹിയിൽ നിന്നും ഷൊർണൂരും കോഴിക്കോടുമെത്തി ഇത്രയും വലിയ ക്രൂരകൃത്യം ചെയ്യാൻ ഗൂഢാലോചനയും, ബാഹ്യ സഹായവും ലഭിച്ചിരിക്കാമെന്ന് തന്നെയാണ് കേരള പൊലീസും സംശയിച്ചത്. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ കണ്ടെത്തി കൂട്ടുപ്രതികളിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു യുഎപിഎ വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്.
പിന്നാലെയാണ് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. എൻഐഎ കൊച്ചി യൂണിറ്റ് നടത്തുന്ന കേസിലെ വിചാരണയുമായി ബന്ധപ്പെട്ട തുടർ നടപടികൾ കൊച്ചിയിലെ എൻഐഎ കോടതിയില്‍ പുരോഗമിക്കുകയാണ്.