എറണാകുളം : ഇലന്തൂർ നരബലി കേസിൽ മുഖ്യപ്രതി ഷാഫിയുടെ പങ്ക് തെളിയിക്കുന്ന ഫേസ്ബുക്ക് ചാറ്റുകൾ പൊലീസ് കണ്ടെടുത്തു. പ്രതി ഉപയോഗിച്ചിരുന്ന രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. സജ്‌ന മോൾ, ശ്രീജ എന്നീ പേരുകളിലാണ് ഇവ.
ഈ അക്കൗണ്ടുകളിൽ നിന്നുള്ള ചാറ്റുകളും പൊലീസ് വീണ്ടെടുത്തു. രണ്ടാം പ്രതി ഭഗവൽ സിംഗുമായി ഷാഫി ബന്ധം സ്ഥാപിച്ചത് ശ്രീദേവിയെന്ന അക്കൗണ്ട് വഴിയായിരുന്നു. രണ്ട് വർഷത്തിലേറെ ചാറ്റ് ചെയ്‌ത ഈ അക്കൗണ്ടിലെ വിവരങ്ങൾ നേരത്തേ തന്നെ പൊലീസിന് ലഭിച്ചിരുന്നു. അതേസമയം നരബലി കേസിലെ പ്രതികളായ ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും.
കൊല്ലപ്പെട്ട പത്മയുടെ വീട്ടിലും, അവരെ സ്കോർപിയോ വാഹനത്തിൽ കയറ്റി കൊണ്ടുപോയ കടവന്ത്രയിലും മുഖ്യപ്രതി ഷാഫിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഭഗവൽ സിംഗിനെ ഇലന്തൂരിലേയ്‌ക്കും ഷാഫിയെ ചങ്ങനാശ്ശേരിയിലേയ്‌ക്കും തെളിവെടുപ്പിന് കൊണ്ടുപോകും. നരബലി കേസിൽ ഇതിനകം ശാസ്‌ത്രീയമായ നിരവധി തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല വാർത്തകൾക്കും അടിസ്ഥാനമില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. നരബലിയുമായി അവയവ മാഫിയക്ക് ബന്ധമുണ്ടെന്ന പ്രചാരണം പൊലീസ് തള്ളിയിരുന്നു. എന്നാല്‍ മുഖ്യപ്രതി അവയവങ്ങൾ വിൽപന നടത്താമെന്ന് കൂട്ടുപ്രതികളെ വിശ്വസിപ്പിച്ചിട്ടുണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളി കളയുന്നില്ല.
കൊല്ലപ്പെട്ടവരുടെ മൃതദേഹ ഭാഗങ്ങൾ ഫ്രിഡ്‌ജിൽ സൂക്ഷിച്ചത് ഇതിന് വേണ്ടിയെന്നാണ് കരുതുന്നത്. കശാപ്പുകാരൻ ചെയ്യുന്നത് പോലെയായിരുന്നു മൃതദേഹങ്ങൾ ഒന്നാം പ്രതി ഷാഫി വെട്ടി മുറിച്ചത്. പ്രതികൾ രണ്ട് കൊലപാതകങ്ങൾ നടത്തിയെന്നും അതേസമയം കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്‌തുവെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്.
കൂടുതൽ കൊലപാതകങ്ങൾ നടത്തിയെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല. പ്രതികളിൽ നിന്ന് നിരവധി ഫോണുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത് ആരുടേതൊക്കെയാണെന്ന് പരിശോധിച്ചുവരികയാണ്. ഇരകളുടെ ഫോണുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പത്മയുടെ ഫോൺ നശിപ്പിച്ചുവെന്നാണ് ഷാഫി മൊഴി നൽകിയത്. പ്രധാനമായും രണ്ട് കൊലപാതകങ്ങളിലെയും പരമാവധി തെളിവുകൾ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. മറ്റ് കാര്യങ്ങൾ അനുബന്ധമായി അന്വേഷിച്ച് കണ്ടെത്താമെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിലപാട്.