എറണാകുളം : ഇടിമിന്നലേറ്റ് എറണാകുളം വെട്ടിക്കലിൽ വീട്ടമ്മയും ബന്ധുവായ ആൺകുട്ടിയും മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പെയ്ത വേനൽ മഴയോടൊപ്പം ഉണ്ടായ കനത്ത ഇടിമിന്നലേറ്റാണ് മരണം സംഭവിച്ചത്. വെട്ടിക്കൽ സെന്റ് എഫ്രേം സ്കൂൾ ബസ് ഡ്രൈവർ വെട്ടിക്കൽ മണ്ടോത്തുംകുഴിയിൽ ജോണിയുടെ ഭാര്യ ലിസ്സി (49) സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ജോണിയുടെ മകൾ ആദിയയെ വിദഗ്ധചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അടുക്കള ഭാഗത്തുള്ള തുറസ്സായ സ്ഥലത്ത് മൂവരും നിൽക്കുമ്പോഴാണ് ശക്തമായ മിന്നലും ഇടിയും ഉണ്ടായത്. ഇടിമിന്നലേറ്റ ഉടനെ ലിസിയും അനക്സും മുറ്റത്തേക്ക് തെറിച്ചുവീണു. നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ആദിയ വെട്ടിക്കൽ സെന്‍റ് എഫ്രം സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. അനക്സിന്‍റെ പിതാവ് പെരുവംമുഴിയിൽ ബിജു രണ്ടുവർഷം മുമ്പ് വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു. മാതാവ് സാലി അർബുദം ബാധിച്ച് അഞ്ച് വർഷം മുമ്പാണ് മരിച്ചത്.