എറണാകുളം: സംസ്ഥാന വ്യാപകമായി നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണമെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടക്കുന്നത്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ഉൾപ്പടെയുള്ള ജില്ലകളിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. ഇന്ന് (25.09.23) രാവിലെ ആറുമണിയോടെയാണ് പരിശോധന തുടങ്ങിയത്.
സായുധരായ കേന്ദ്ര സേനയുടെ അകമ്പടിയോടെയാണ് മിന്നൽ പരിശോധന നടക്കുന്നത്. കൊച്ചിയിൽ കുമ്പളത്ത് പി.എഫ്.ഐ ജില്ല നേതാവായിരുന്ന ജമാലിന്‍റെ വീട്ടിലാണ് പരിശോധന. തൃശ്ശൂരിൽ ചാവക്കാട് മുൻ സംസ്ഥാന ഭാരവാഹി ലത്തീഫിന്‍റെ വീട്ടിലാണ് പരിശോധന. മലപ്പുറം ജില്ലയിലാണ് കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നത്.
പോപ്പുലർ ഫ്രണ്ട് രണ്ടാം നിര നേതാക്കളെയാണ് ഇ.ഡി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇവരിലൂടെ കള്ളപ്പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച വെന്ന എൻ.ഐ.എ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധന നടക്കുന്നത്. ഇ.ഡി ഡൽഹി, കൊച്ചി യൂണിറ്റുകൾ സംയുക്തമായാണ് പരിശോധനയിൽ പങ്കെടുക്കുന്നത്.
നിരോധനത്തിന് ശേഷവും കേരളത്തിൽ പോപ്പുലർ ഫ്രണ്ട് സ്ലീപ്പർ സെല്ലുകൾ ഇപ്പോഴും പ്രവർത്തിക്കുന്നതായാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. നേരത്തെ എൻ.ഐ.എ സംസ്ഥാന വ്യാപകമായി പി.എഫ്.ഐ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇഡിയും പരിശോധനകളിലേക്ക് പ്രവേശിച്ചത്.