എറണാകുളം : മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ആരോപിക്കുന്ന ഷാജ് കിരണിനെ ഇഡി ചോദ്യം ചെയ്യുന്നു. സ്വപ്‌ന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇന്ന് (05.07.2022) ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.
അതേസമയം തനിക്ക് മറയ്ക്കാൻ ഒന്നുമില്ലെന്ന് ഷാജ് കിരൺ പ്രതികരിച്ചു. ബാങ്ക് ഇടപാടിന്‍റെ വിവരങ്ങൾ അടക്കം ഇഡിക്ക് കൈമാറും. കള്ളപ്പണം പോയിട്ട് നേരെയുള്ള പണം പോലും കയ്യിൽ ഇല്ല. ഫോൺ പോലും അന്വേഷണ സംഘത്തിന് പരിശോധനക്കായി കൈമാറിയെന്നും ഷാജ് പറഞ്ഞു.
ഷാജ് കിരണിനൊപ്പം സുഹൃത്ത് ഇബ്രാഹിമും ഇഡി ഓഫീസിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി കോടതിയിൽ നൽകിയ രഹസ്യമൊഴി മാറ്റണമെന്ന് ഷാജ് കിരൺ സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു സ്വപ്‌ന ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണം സ്വപ്‌ന പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു ഷാജ് കിരണും, സുഹൃത്ത് ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നത്.
സ്വപ്‌ന പുറത്തുവിട്ട ഓഡിയോ സന്ദേശം എഡിറ്റ് ചെയ്‌തതാണെന്നും യഥാർഥ വീഡിയോ ക്ലിപ്പ് പുറത്തുവിടുമെന്നും, ഡിലീറ്റ് ചെയ്‌ത ഈ വീഡിയോ വീണ്ടെടുക്കാനാണ് ചെന്നൈയിലേക്ക് പോയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. അതേസമയം ഷാജ് കിരൺ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കിയതിന് പിന്നാലെ ഇയാളെ ക്രൈംബ്രാഞ്ച് രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു.