എറണാകുളം: ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എംകെ മുനീർ എംഎൽഎയെ ഇഡി ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ചന്ദ്രികയുടെ മറ്റ് ഡയറക്‌ടർ ബോര്‍ഡംഗങ്ങളെയും ഇഡി ചോദ്യം ചെയ്തേക്കും.
ബാങ്ക് രേഖകള്‍ ഉള്‍പ്പടെ ഇഡി മുമ്പാകെ മുനീര്‍ ഹാജരാക്കി. പരസ്യ വരുമാനത്തിലൂടെ ലഭിച്ച തുക മാത്രമാണ് ചന്ദ്രികയുടെ അക്കൗണ്ടിലെത്തിയതെന്നും, സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചത് ഫിനാൻസ് മാനേജറാണന്നും മുനീർ മൊഴി നൽകി. ആവശ്യമെങ്കില്‍ മുനീറിനെ വീണ്ടും വിളിച്ചുവരുത്താനാണ് ഇഡിയുടെ തീരുമാനം.
ഇതേ കേസില്‍ ഹൈദരലി ശിഹാബ് തങ്ങളെയും , പി കെ കുഞ്ഞാലിക്കുട്ടിയെയും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
ALSO READ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ആശ്വാസ ധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍
നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടുകൾ വഴി വെളുപ്പിച്ചുവെന്നാണ് ആരോപണം. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണിതെന്ന് ആരോപിച്ച് കളമശ്ശേരി സ്വദേശി നൽകിയ പരാതിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇഡി അന്വേഷണമാരംഭിച്ചത്.