എറണാകുളം : കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി (എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്) നോട്ടിസ്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്‌ച കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇഡി ജോയിന്‍റ് ഡയറക്‌ടറാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
കിഫ്ബിയിലേക്ക് വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നതിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നാണ് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്.
എന്നാൽ ഇഡിയിൽ നിന്ന് തനിക്ക് നോട്ടിസൊന്നും ലഭിച്ചിട്ടില്ലെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്. അങ്ങനെ എന്തെങ്കിലും അറിയിപ്പ് കിട്ടിയാലും താൻ ഹാജരാകില്ല, അതിലും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാനുണ്ട്. ഇഡിയ്ക്ക് തന്നെ അറസ്‌റ്റ് ചെയ്യാമെന്നും തോമസ് ഐസക് അറിയിച്ചു.
കഴിഞ്ഞവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയില്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കിഫ്ബിയുടെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്തിനാണ് കിഫ്ബിയെന്നും ബഡ്‌ജറ്റില്‍ നീക്കിവയ്ക്കുന്ന തുകകള്‍ ഒരു ഏജന്‍സിയിലൂടെ നല്‍കുന്നതെന്തിനാണെന്നുമായിരുന്നു നിര്‍മല സീതാരാമന്‍റെ ചോദ്യം.