കൊച്ചി: മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രാഥമികാന്വേഷണം ആരംഭിച്ചു. നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം. പരാതിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിനെ കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ എൻഫോഴ്സ്മെന്റിന് കൈമാറിയെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് നൽകാമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നും പരാതിക്കാരനായ ഗിരീഷ് ബാബു ഇ ടിവി ഭാരതിനോട് പറഞ്ഞു. വിജിലൻസ് തന്റെ പരാതി ശരിവെച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാരിവട്ടം അഴിമതി കേസിനൊപ്പം കള്ളപ്പണക്കേസ് കൂടി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കള്ളപ്പണക്കേസായതിനാൽ ഇത് എൻഫോഴ്‌സ്‌മെന്‍റാണ് അന്വേഷിക്കേണ്ടത് എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇതേ തുടർന്ന് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിശദീകരണം തേടുകയും കേസിൽ കക്ഷിചേർക്കുകയുമായിരുന്നു. ഫെബ്രുവരി 18ന് കേസ് പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരനെ വിളിച്ചുവരുത്തി എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് തെളിവ് ശേഖരിച്ചത്.