എറണാകുളം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ഇന്നത്തെ (വ്യാഴാഴ്ച) ചോദ്യം ചെയ്യൽ പൂർത്തിയായി. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണ ഏജന്‍സിയായ ഇ.ഡി (എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്) അറിയിച്ചതെന്ന് സ്വപ്‌ന വ്യക്തമാക്കി. അഞ്ച് മണിക്കൂറോളമാണ് ഇന്ന് ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസിൽ സ്വപ്‌ന നൽകിയ രഹസ്യ മൊഴിയിൽ വ്യക്തത വരുത്താനാണ് തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്വപ്‌ന ഇ.ഡി ഓഫിസിൽ ഹാജരായത്. വൈകുന്നേരം ഏഴ് മണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. രണ്ട് ദിവസങ്ങളിലായി സ്വപ്‌ന നൽകിയ മൊഴി പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക. കഴിഞ്ഞ ദിവസം ആരോഗ്യകരമായ കാരണങ്ങളെത്തുടർന്ന് ചോദ്യം ചെയ്യൽ നേരത്തേ അവസാനിപ്പിച്ചിരുന്നു.
തുടർന്നാണ് ഇന്ന് വീണ്ടും ഹാജരാകണമെന്ന് ഇ.ഡി നിർദേശിച്ചത്. ഇന്നലെ അഞ്ചര മണിക്കൂറോളമാണ് ഇ.ഡി സ്വപ്‌നയെ ചോദ്യം ചെയ്തത്. ഇന്നലെ നൽകിയ മൊഴികൾ ഉൾപ്പടെ വിശകലനം ചെയ്തായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യൽ. ഇ.ഡി കൊച്ചി സോൺ അഡിഷണൽ ഡയറക്‌ടർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
Also Read: സ്വപ്ന ഇഡിക്ക് മുമ്പില്‍: തുടര്‍ച്ചയായ രണ്ടാം ദിനവും ചോദ്യം ചെയ്യല്‍ തുടരുന്നു
നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയ കാര്യങ്ങൾ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിലും സ്വപ്‌ന ആവർത്തിച്ചതായാണ് സൂചന. 27 പേജുള്ള രഹസ്യ മൊഴിയുടെ പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഇ.ഡിക്ക് ലഭിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വപ്‌ന കോടതിയെ സമീപിച്ചത്.
മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയ ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ദുബായിലേക്ക് കറൻസി കടത്തി, ദുബായ് കോൺസുൽ ജനറലിന്‍റെ വസതിയിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് വഴി കനമുള്ള ലോഹ കട്ടികൾ കടത്തി, എന്നിങ്ങനെയാണ് സ്വപ്‌ന ആരോപിച്ചത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടാൻ സ്വപ്‌ന തയ്യാറായിട്ടില്ല. രഹസ്യമൊഴിയിൽ ഇവ നൽകിയെന്നായിരുന്നു സ്വപ്‌ന അവകാശപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ഭാര്യ കമല, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്കെതിരെയും സ്വപ്‌ന ആരോപണമുന്നയിച്ചിരുന്നു. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ പ്രമുഖരെ ഇ ഡി ചോദ്യം ചെയ്യുമോയെന്നതാണ് നിർണായകം.