എറണാകുളം : മോന്‍സണ്‍ മാവുങ്കൽ മുഖ്യപ്രതിയായ (Monson Mavungal) പുരാവസ്‌തു തട്ടിപ്പുമായി (Antiquities Fraud) ബന്ധപ്പെട്ട കള്ളപ്പണ കേസിൽ (Black Money Case) കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ (K Sudhakaran) ഇഡി ചോദ്യം ചെയ്യൽ പൂർത്തിയായി. ശേഷം കൊച്ചിയിലെ ഇ ഡി ഓഫിസിൽ നിന്ന് കെ സുധാകരൻ മടങ്ങി(ED Grills KPCC Chief K Sudhakaran). രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകുന്നേരം ആറരയോടെയാണ് പൂർത്തിയായത്.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയതായി കെ സുധാകരൻ പറഞ്ഞു. ആവശ്യപ്പെട്ട രേഖകൾ എല്ലാം നൽകിയിട്ടുണ്ട്. തനിക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ല. പത്ത് തവണ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകും. തനിക്കെതിരെ തെളിവുണ്ടെങ്കിൽ ഇ ഡി പറയട്ടെയെന്നും കെ സുധാകരൻ പ്രതികരിച്ചു. ഇത് രണ്ടാം തവണയാണ് സുധാകരനെ ഇ ഡി ചോദ്യം ചെയ്യുന്നത്.
ഇ ഡി ആവശ്യപ്പെട്ട ബാങ്ക് ഇടപാടുകളുടേതുള്‍പ്പടെ എല്ലാ രേഖകളും ആദ്യ തവണ തന്നെ നൽകിയിട്ടുണ്ടെന്നായിരുന്നു ചോദ്യം ചെയ്യലിന് എത്തിയ വേളയിൽ കെ സുധാകരൻ പറഞ്ഞത്. തനിക്കെതിരെ ഇതുവരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. ഇനി കണ്ടെത്താനും കഴിയില്ലെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
ഓഗസ്‌റ്റ് മുപ്പതാം തീയതി ഹാജരാകണമെന്ന് ഇ ഡി, കെ സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹാജരാകാനുള്ള അസൗകര്യം ഇ ഡിയെ സുധാകരൻ അറിയിക്കുകയായിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംഘടന ചുമതലകൾ വഹിക്കുന്നതിനാൽ സമയം അനുവദിക്കണമെന്നാണ് കെ സുധാകരൻ ആവശ്യപ്പെട്ടത്.
സെപ്റ്റംബര്‍ അഞ്ചാം തീയതിക്ക് ശേഷം ഏത് ദിവസവും ഹാജരാകാമെന്നും കെ സുധാകരൻ ഇ ഡിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാൻ ഇ ഡി വീണ്ടും ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം ഇരുപത്തി രണ്ടാം തീയതി ഇതേ കേസിൽ ഒന്‍പത് മണിക്കൂറോളമാണ് കെ സുധാകരനെ ഇ ഡി ചോദ്യം ചെയ്‌തത്.
രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇഡി ഓഫിസിലെത്തിയ അദ്ദേഹം രാത്രി 8.20നാണ് മടങ്ങിയത്. ഇ ഡി അന്വേഷണത്തിൽ തനിക്ക് യാതൊരു ഭയപ്പാടുമില്ലെന്നാണ് കെ സുധാകരന്‍റെ നിലപാട്. കഴിഞ്ഞ തവണ ഇ ഡി ചോദിച്ച ചോദ്യങ്ങൾക്കെല്ലാം സുഖകരമായ ഉത്തരം നൽകിയെന്നും ഇ ഡിയും സംതൃപ്‌തരാണെന്നും കെ സുധാകരൻ പ്രതികരിച്ചിരുന്നു.
പുരാവസ്‌തു തട്ടിപ്പുകേസിലെ പരാതിക്കാർ ഇഡിക്ക് നൽകിയ മൊഴിയിലും ചില സാക്ഷി മൊഴികളിലും സുധാകരനെതിരായ പരാമർശങ്ങൾ ഉണ്ടായിരുന്നു. പുരാവസ്‌തു തട്ടിപ്പുകേസിൽ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോയ സാഹചര്യത്തിൽ കൂടിയായിരുന്നു ഇ ഡിയും അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അതേസമയം, ഇഡിക്ക് സുധാകരനെതിരെ ശക്തമായ മൊഴികൾ ലഭിച്ചതായാണ് സൂചന.
മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽവച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസണിന്‍റെ മുൻ ജീവനക്കാരൻ ഇ ഡിക്ക് മൊഴി നൽകിയിരുന്നു. 2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി, സുധാകരനെ ഒരു തവണ വിശദമായി ചോദ്യം ചെയ്‌തത്.
കെ സുധാകരൻ നൽകിയ വിവരങ്ങൾ വിശകലനം ചെയ്‌താണ് ഇന്ന് വീണ്ടും വിളിപ്പിച്ചത്. അതേസമയം ആവശ്യമെങ്കിൽ സുധാകരനോട് ഹാജരാകാന്‍ ഇനിയും ഇഡി ആവശ്യപ്പെട്ടേക്കും.