എറണാകുളം: നെടുമ്പാശ്ശേരി മയക്കുമരുന്ന് കേസിൽ പിടിയിലായ നൈജീരിയന്‍ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുവിനെ കൊച്ചിയിലെത്തിക്കാൻ കസ്റ്റംസ് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രൊഡക്ഷൻ വാറണ്ടിനായി അപേക്ഷ നൽകും. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന പ്രതിയെ കൊച്ചിയിലെത്തിക്കാൻ ഡൽഹി കോടതിയെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ട്രാൻസിസ്റ്റ് വാറണ്ട് അനുവദിച്ചിരുന്നില്ല.
കഴിഞ്ഞ ഞായറാഴ്ച(21.08.2022) ആയിരുന്നു 36 കോടി വില വരുന്ന മെഥാക്വിനോൾ മയക്കുമരുന്നുമായി പാലക്കാട് സ്വദേശിയായ മുരളീധരൻ നായർ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. പ്രതിയെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഉള്‍പ്പടെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.
വിശദമായ ചോദ്യം ചെയ്യലിലാണ് ലഹരിക്കടത്തിന് പിന്നിലെ രാജ്യാന്തര ബന്ധം വ്യക്തമായത്. വനിതകള്‍ നിയന്ത്രിക്കുന്ന ലഹരിക്കടത്ത് സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് മുരളീധരന് നായരെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇതേ സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്ന യുവതിയാണ് ഡല്‍ഹിയില്‍ പിടിയിലായ നൈജീരിയന്‍ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡു.
സിംബാബ്വെയില് നിന്ന് മയക്കുമരുന്ന് വാങ്ങിയ മുരളീധരന് നായര്‍ ദോഹ വഴി കൊച്ചിയിലെത്തിച്ചു. അതിനുശേഷം ഡല്‍ഹിയിലുള്ള നൈജീരിയക്കാരിക്ക് കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍ ഈ വിവരം അറിഞ്ഞ കസ്റ്റംസ് മുരളീധരൻ നായരെ പിടികൂടി. ഇയാളുടെ ഫോൺ ഉപയോഗിച്ച് യുവതിയെ കുടുക്കുകയായിരുന്നു.
താന്‍ ഉടന്‍ ഡല്‍ഹിയിലെത്തുമെന്ന് മുരളീധരന് നായരുടെ മൊബൈലിൽ നിന്ന് കസ്റ്റംസ് യുവതിക്ക് സന്ദേശമയച്ചു. ഇത് അനുസരിച്ച് മയക്കുമരുന്ന് കൈപ്പറ്റാൻ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ എത്തിയ നൈജീരിയക്കാരിയെ കസ്റ്റംസ് കയ്യോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡിലായ മുരളീധരൻ നായരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും.
കൊച്ചിയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറുന്നതിനിടെയാണ് മുരളീധരൻ നായരുടെ ബാഗ് പരിശോധന നടത്തിയത്. സിയാലിന്റെ അത്യാധുനിക 'ത്രി ഡി എം ആർ ഐ' സ്കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്.
Read more:നെടുമ്പാശ്ശേരി ലഹരിക്കടത്ത്: തീവ്രവാദ ബന്ധം തേടി അന്വേഷണ ഏജൻസികൾ